അശാസ്ത്രീയ ഓവുചാൽ നിർമ്മാണം: ദുരിതത്തിലായ വ്യാപാരികൾക്ക് ആശ്വാസം

മുക്കം: ഡിസൈനിങ്ങിലെ അശാസ്ത്രീയതമൂലം സംസ്ഥാനപാതാ നവീകരണപ്രവൃത്തി താത്കാലികമായി നിർത്തിയതോടെ ഓവുചാൽ ‘കുരുക്കി’ലായ വ്യാപാരികൾക്ക് ആശ്വാസം. നവീകരണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലും ഒരുമീറ്ററോളം ഉയരത്തിൽ സ്ഥാപിച്ച ഓവുചാലുകൾ അരമീറ്ററിലധികം താഴ്‌ത്താൻ തുടങ്ങി.
ഭൂനിരപ്പിൽനിന്ന് ഒരുമീറ്ററോളം ഉയരമുള്ള ഓവുചാലുകൾ കടകളുടെ മുന്നിൽ സ്ഥാപിച്ചതോടെ ദുരിതത്തിലായ വ്യാപാരികളുടെ പരാതിയിലാണ് അധികൃതരുടെ ഈ നടപടി.
എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം പോലീസ്‌സ്റ്റേഷൻ മുതൽ അത്താണി പെട്രോൾപമ്പ് വരെയുള്ള ഭാഗത്താണ് റോഡ് ഉയർത്താൻ ശ്രമംനടന്നത്. കടകളോടുചേർന്ന് ഒരുമീറ്ററോളം ഉയരത്തിൽ കോൺക്രീറ്റ് ഓവുചാലുകൾ സ്ഥാപിച്ചതാണ് വ്യാപാരികളെ വെട്ടിലാക്കിയത്. ഉപഭോക്താക്കൾക്ക് വാഹനം പാർക്കുചെയ്യാനും കടകളിലേക്ക് കയറാനും സ്ഥലമില്ലാതായതോടെ കച്ചവടംകുറഞ്ഞ് കടയടച്ചിടൽഭീഷണിയിലായിരുന്നു വ്യാപാരികൾ. ഈ ഭാഗത്ത് റോഡ് ഉയർത്തേണ്ട സാഹചര്യമില്ലെന്നും കഴിഞ്ഞ രണ്ടുപ്രളയങ്ങളിലും വെള്ളംകയറിയ മുക്കം പോലീസ് സ്റ്റേഷനും അഭിലാഷ് ജങ്ഷനും ഇടയിലാണ് റോഡ് ഉയർത്തേണ്ടതെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇതേ ആവശ്യവുമായി ലിന്റോ ജോസഫ് എം.എൽ.എ.യും നഗരസഭാ ചെയർമാൻ പി.ടി. ബാബുവും ഉൾപ്പെടെയുള്ളവർ പരാതി നൽകിയിരുന്നു. തുടർന്നാണ് കരാറുകാർ പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചത്.
ഇതോടെ കടകൾക്കുമുന്നിൽ സ്ഥാപിച്ച ഓവുചാലുകൾ കച്ചവടത്തിന് ഭീഷണിയാവുകയായിരുന്നു. റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 225 കോടിയോളം രൂപ ചെലവിലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.