Thiruvambady

തിരുവമ്പാടിയിൽ കനത്ത മഴയിൽ വീടു തകർന്നു

തിരുവമ്പാടി: തിരുവമ്പാടിയിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്നു. തിരുവമ്പാടി ഹെൽത്ത് സെന്ററിനു സമീപം കുനിയമ്പറത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. വീടിന്റെ സിറ്റൗട്ട് ഭാഗമാണ് തകർന്നു വീണത്. ആർക്കും പരിക്കില്ല.

വാർഡ് മെമ്പർ കെ.എം മുഹമ്മദലിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും, കുടുംബത്തെ മാറ്റി പാർപ്പിക്കുകയും ചെയ്തു. ഉടൻ തന്നെ വീട് പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

65 വർഷത്തിലധികമായി കൈവശത്തിലിരിക്കുന്ന വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് ഭൂരേഖകൾ ഒന്നും ഇല്ലാത്തതിനാൽ എസ് സി വിഭാഗത്തിൽ പെട്ട ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ പലതും ലഭിക്കാത്ത അവസ്ഥയാണുള്ളത്.

നിരവധിതവണ അപേക്ഷകൾ സമർപ്പിച്ചെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്ന്, ഈ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് നാട്ടൊരുമ പൗരാവകാശ സമിതി മുൻപ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വീട് തകർന്ന് അപകടം നടന്നിരിക്കുന്നത്.

അപകടം നടന്ന വീടിൻറെ തൊട്ടടുത്ത് ഇതേ അപകടാവസ്ഥയിലുള്ള മറ്റൊരു വീട് കൂടിയുണ്ട്, സുരക്ഷിതമായ ഒരു വീട് എന്ന സ്വപ്നവുമായി നിറകണ്ണുകളുമായി ഈ രണ്ടു കുടുംബങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി, ജന പ്രതിനിധികൾ ഇടപെടുമെന്ന് പ്രതീക്ഷയോടെ.

Related Articles

Leave a Reply

Back to top button