Kodiyathur

ലഹരിക്കെതിരെ പ്രതിരോധം തീർക്കാൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

കൊടിയത്തൂർ: ലഹരിക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ പഞ്ചായത്തിൽ ചേർന്ന സംയുക്ത യോഗത്തിൽ തീരുമാനമായി.

ഇതിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസുകൾ, ഏരിയ മീറ്റിംഗുകൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഏരിയാതല മീറ്റിംങ്ങുകൾക്ക് സ്കൂൾ പി.ടി.എ കമ്മറ്റികൾ, വാർഡ് മെമ്പർമാർ,വാർഡിലെ ജാഗ്രതാസമിതികൾ എന്നിവർ നേതൃത്വം നൽകും.

ഓണാവധിക്ക് ശേഷം സ്കൂളുകൾ തുറന്നാൽ ക്ലാസ് പി.ടി.എ വിളിച്ച് ലഹരിയുമായി ബന്ധപ്പെട്ട വിഷയം പ്രധാന അജണ്ടയായി ചർച്ച ചെയ്യും. രക്ഷിതാക്കൾക്കും പ്രത്യേക ബോധവൽക്കരണം നടത്തും.

ഒക്ടോബർ രണ്ടിന് സംസ്ഥാന സർക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച് ബോധവൽക്കരണ സെമിനാർ, വീഡിയോ പ്രദർശനം എന്നിവയും നടപ്പാക്കും. പൊതുജനങ്ങൾക്ക് ലഹരി മാഫിയയെ കുറിച്ച് അറിയിപ്പുകൾ നൽകുന്നതിനായി പഞ്ചായത്ത് അധികൃതർ, പോലീസ്, എക്സൈസ് അധികൃതർ എന്നിവരുടെ നമ്പറുകൾ സഹിതം പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷയായ യോഗത്തിൽ മുക്കം എസ് ഐ സജിത് സജീവ്, കുന്ദമംഗലം എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദിവ്യ ഷിബു, എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കൊടിയത്തൂർ പഞ്ചായത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലെ പി.ടി.എ ഭാരവാഹികളും പ്രധാനാധ്യാപകരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button