ജല ഗുണനിലവാര പരിശോധന നടത്തി നീലേശ്വരം ഗവഃ എച്ച്.എസ്.എസ് എൻ.എസ്.എസ് വിദ്യാർത്ഥികൾ
മുക്കം: വർഷകാല ജലജന്യ രോഗങ്ങൾ തടയുക എന്ന ഉദ്ദേശത്തോടെ സ്കൂളിൻറെ പരിസരത്തുള്ള വീടുകളിലെ കിണറുകളിൽ നിന്ന് ജലം ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി നീലേശ്വരം ഗവഃ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്. സ്കൂളിൻറെ നൂറാം വാർഷികത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്തുള്ള 100 വീടുകളിലെ കിണറുകളിൽ നിന്നാണ് സാമ്പിൾ ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകൾ സ്കൂൾ ലാബിലുള്ള പ്രാഥമിക ജല ഗുണനിലവാര പരിശോധന ലാബിൽ ടെസ്റ്റിംഗ് നടത്തുകയും റിപ്പോർട്ട് ഗുണഭോക്താക്കൾ നൽകുകയും ചെയ്യും.
ഹരിത കേരള മിഷൻ ഒരു നിയോജക മണ്ഡലത്തിൽ ഒരു ഹയർ സെക്കണ്ടറി സ്കൂളിലെ കെമിസ്ട്രി ലാബിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. രസതന്ത്രം അധ്യാപകർക്കും തിരഞ്ഞെടുക്കപ്പെട്ട ശാസ്ത്ര വിദ്യാർഥികൾക്കും ആണ് പരിശീലനം ലഭിച്ചിട്ടുള്ളത്. ജല ഗുണനിലവാര പരിശോധന സാമ്പിൾ കളക്ഷൻ മുക്കം നഗരസഭ കൗൺസിലർ എം.കെ യാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ ഹസീല, പ്രോഗ്രാം ഓഫീസർ സി.എ അജാസ്, പരിശീലനം ലഭിച്ച വിദ്യാർത്ഥികളായ അഞ്ജിമ സുജിത്ത്, ചിത്രാംബരി, നസീഹ, ഹിബ, നജ, ഷഫ്ന തുടങ്ങിയവർ സംസാരിച്ചു.