പ്രവാസി നേതാക്കളുടെ ലൗഷോർ സന്ദർശനം പ്രത്യാശ പകർന്നു.

കൊടിയത്തൂർ: ഭിന്ന ശേഷിക്കാരുടെ ആശാ കേന്ദ്രമായ പന്നിക്കോട്ടെ ലൗഷോർ സ്പെഷ്യൽ സ്കൂളിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും വിദ്യാർത്ഥികളെ ആശീർവാദിക്കാനും ഖത്തറിലെ പ്രവാസി നേതാക്കൾ എത്തിയത് ലൗഷോറിന് പ്രത്യാശ പകർന്നു. ബിസിനസ് മേഖലയിലും സാമൂഹ്യ സാംസ്കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച വിശിഷ്ട വ്യക്തികളെ ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെയാണ് വേദിയിലേക്ക് ആനയിച്ചത്. ലൗഷോർ ജനറൽ സെക്രട്ടരി യു.എ മുനീർ, ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടരി ഇ.എ നാസർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും ജീവനക്കാരും അതിഥികളെ സ്വീകരിച്ചു.
ഐ. എസ്.സി ഖത്തർ പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാൻ, കെ.എം.സി.സി ഖത്തർ സംസ്ഥാന ഉപദേശക സമിതി അംഗം മുസ്തഫ എലത്തൂർ, ഇൻകാസ് ഖത്തർ ജനറൽ സെക്രട്ടരി ബഷീർ തുവാരിക്കൽ, സംസ്കൃതി പ്രസിഡണ്ട് അഹമ്മദ് കുട്ടി അറളയിൽ, ഖത്തർ ചാപ്റ്റർ രക്ഷാധികാരികളായ തായമ്പത്ത് കുഞ്ഞാലി, ഇ.കെ മായിൻ മാസ്റ്റർ തുടങ്ങിയവരാണെത്തിയത്.
സ്വീകരണ യോഗത്തിൽ ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടരി ഇ.എ നാസർ അധ്യക്ഷനായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ യു.ജി.സി യോഗ്യത നേടിയ ടി.പി ബാസില അബ്ബാസിനെ ഇ.പി അബ്ദുറഹ്മാൻ പൊന്നാട അണിയിച്ച് ആദരിച്ചു.
വിദ്യാർത്ഥികളുടെ ഗാനാലാപനം ചടങ്ങിന് മാറ്റുകൂട്ടി. ജനറൽ സെക്രട്ടരി യു.എ മുനീർ സ്വാഗതവും ബച്ചു ചെറുവാടി നന്ദിയും പറഞ്ഞു. ലൗഷോറിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും അതിഥികൾ വാഗ്ദാനം ചെയ്തു.