Kodanchery

മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ കായിക വകുപ്പിന്റെ പങ്കാളിത്തം പരിഗണിക്കാമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

കോടഞ്ചേരിഒൻപതാമത് മലബാർ റിവർ ഫെസ്റ്റിവലിന് തുടക്കം. അടുത്ത വർഷം മുതൽ മലബാർ റിവർ ഫെസ്റ്റിവലിന്റെ നടത്തിപ്പിൽ ടൂറിസം വകുപ്പിനൊപ്പം കായിക വകുപ്പിന്റെ കൂടി പങ്കാളിത്തമുണ്ടാകുന്ന കാര്യം പരിഗണിക്കാമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. പുലിക്കയത്ത് ഒൻപതാമത് രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലബാർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മലബാർ റിവർ ഫെസ്റ്റിവൽ. കൂടുതൽ ആളുകളെ ആകർഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈറ്റ് വാട്ടർ കയാക്കിങ്ങിനെ കായികയിനമാ ക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയം, കളിക്കളങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപ സർക്കാർ മുതൽമുടക്കിയിട്ടുണ്ട്. കായിക മേഖലയിൽ 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക നയത്തിന്റെ ഭാഗമായി സ്കൂൾ തലത്തിൽ എന്ന പോലെ കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിലും കായിക വിഷയങ്ങൾ ഉൾക്കൊള്ളുന്ന പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.

ലഹരിക്ക് അടിമകളാകുന്ന തലമുറയല്ല, കായികരംഗത്തെ വളർച്ചയ്ക്ക് കാരണമാകുന്ന ആരോഗ്യമുള്ള പുതു തലമുറയാണ് നമുക്ക് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ സെൻറ് ജോർജ് ഹാൻഡ് ബോൾ അക്കാദമിയുടെ ജേഴ്‌സി മന്ത്രി പ്രകാശനം ചെയ്തു. ലിന്റോ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മേഴ്സി പുളിക്കാട്ടിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പിള്ളി, മെമ്പർമാരായ സുസൻ വർഗീസ് കോഴപ്ലാക്കൽ, ചാൾസ് തയ്യിൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം പി ടി അഗസ്റ്റിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. കേരള അഡ്വഞ്ചർ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ് സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷൈൻ കെ എസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button