തിരുവമ്പാടിയിൽ കൃത്രിമ രേഖയുണ്ടാക്കി കൈയേറിയ വഖഫ് ഭൂമി തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

തിരുവമ്പാടി: ഡോക്യുമെന്റ് നമ്പർ 1134/1923 പ്രകാരം വഖഫ് ആയിട്ടുള്ളതും 1961ൽ കേരള സംസ്ഥാന വഖഫ് ബോർഡിൽ 1200/RA നമ്പർ ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തിരുവമ്പാടി വില്ലേജിൽ ഉൾപ്പെട്ട താഴെ തിരുവമ്പാടി തീയ്യര് തട്ടേക്കാട് ജുമാഅത്ത് പള്ളിയുടെ കബർസ്ഥാൻ ഉൾപ്പെടെയുള്ള ഭൂമി തിരിച്ച് പിടിക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് ചെയർമാൻ, കോഴിക്കോട് ജില്ലാ കലക്ടർ, തിരുവമ്പാടി വില്ലേജ് ഓഫീസർ, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ തിരുവനന്തപുരം എന്നിവർക്ക് അനുബന്ധ രേഖകൾ ഉൾപ്പെടെ പരാതി നൽകി.
തിരുവമ്പാടി വില്ലേജ് ഓഫീസിൽ പഴയ സർവ്വേ നമ്പർ 15-4 ൽ കൊയപ്പത്തൊടി മമ്മത്കുട്ടി ഹാജി എന്നവരുടെ പേരിൽ പള്ളി നിൽക്കുന്ന 60 സെന്റ് സ്ഥലത്തിന് നികുതി അടച്ചു വന്നിരുന്നതും 15-4B നെരവത്തൊടികയിൽ അബൂബക്കർ എന്നവരെ പേരിൽ കബർസ്ഥാൻ ആയിട്ടുള്ള 1.27 ഏക്കർ ഭൂമിക്ക് കാലങ്ങളായി തിരുവമ്പാടി വില്ലേജിൽ നികുതി അടച്ചു വരുന്നത് 1989 മുതൽ നിർത്തിവെക്കുകയും അതേ ഭൂമിയിൽ പെട്ട 50 സെന്റ് ഭൂമിക്ക് കപ്പലാട്ട് അബൂബക്കർ എന്നവരുടെ മക്കൾ 1989ൽ കൃത്രിമ രേഖ 580/1989 ഉണ്ടാക്കി കയ്യേറുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. തീയ്യര് തട്ടേക്കാട് ജുമാഅത്ത് പള്ളിയുടെ വഖഫ് ഭൂമിക്ക് 151 ആം നമ്പർ റീ.സെറ്റിൽ അടങ്കൽ പ്രകാരമുള്ള മുൻകാലങ്ങളിൽ നികുതി സ്വീകരിച്ചു പോന്നതുപോലെ ഭൂനികുതി സ്വീകരിക്കുന്നത് പുനർ സ്ഥാപിക്കണമെന്നും ആനടിയിൽ സെയ്തലവി നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു.