മുക്കത്തെ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്
മുക്കം : മുക്കം മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ മുളക് പൊടിയെറിഞ്ഞ് കവര്‍ച്ച നടത്തിയത് അന്തര്‍ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്. സമാന രീതിയില്‍ തമിഴ്നാട്ടിലെ മേട്ടുപാളയത്തും കവര്‍ച്ച നടന്നിട്ടുണ്ട്. ഈ സംഭവം കൂടി പരിശോധിച്ചാണ് മുക്കം പൊലീസ് കേസ് അന്വേഷിക്കുന്നത്. മാങ്ങാപ്പൊയില്‍ പെട്രോള്‍ പമ്പില്‍ കവര്‍ച്ച നടത്തിയത് തമിഴ്നാട്ടില്‍ നിന്നുള്ള കുപ്രസിദ്ധ മോഷ്ടാക്കള്‍ ആണെന്ന അനുമാനത്തിലാണ് പൊലീസ്.
പെട്രോളടിക്കാനെന്ന വ്യാജേന കാറിൽ എത്തിയവരായിരുന്നു കവർച്ച നടത്തിയത്. പെട്രോളടിച്ച് പണം വാങ്ങാനുളള ശ്രമത്തിനിടെ ജീവനക്കാരൻ സുരേഷ് ബാബുവിന്‍റെ മുഖത്തേക്ക് ഒരാൾ മുളക് പൊടിയെറിഞ്ഞു. നിമിഷങ്ങൾക്കകം മറ്റൊരാൾ ഉടുത്തമുണ്ടുരിഞ്ഞ് സുരേഷ്ബാബുവിനെ വരിഞ്ഞുമുറുക്കി പണം കവർന്നു. ഉറക്കത്തിലായിരുന്ന മറ്റൊരു ജീവനക്കാരനെത്തുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ലെന്നും ഇപ്പോഴും ഞെട്ടല്‍ മാറിയിട്ടില്ലെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.
പ്രതികള്‍ കവര്‍ച്ചക്കായി ഉപയോഗിച്ചത് തമിഴ്നാട് രജിസ്ട്രേഷന്‍ ഓൾട്ടോ കാറാണ്. മേട്ടുപാളയത്ത് അടുത്തിടെ പെട്രോള്‍ പമ്പില്‍ സമാന രീതിയില്‍ മോഷണവും നടന്നിട്ടുണ്ട്. അവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും മാങ്ങാപൊയിലിലെ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്‍റെ കൈവശമുണ്ട്. ഇത് രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടിടത്തും കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് മുക്കം പൊലീസ്.
പെട്രോള്‍ പമ്പുകളില്‍ തുടര്‍ച്ചയായി മോഷണം നടക്കുന്നതിനെതിരെ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കണമെന്നാണ് പ്രധാന ആവശ്യം. പ്രെട്രോള്‍ പമ്പകളിലെ സുരക്ഷ കൂട്ടാന്‍ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പ്രെട്രോളിയം ട്രേഡേഴ്സ് ഡിജിപിക്ക് പരാതി നല്‍കി. പമ്പുകളില്‍ പൊലീസ് പട്രോളിങ്ങ് ശക്തമാക്കണമെന്നും പരാതിയില്‍ ആവശ്യമുണ്ട്. മതിയായ സംരക്ഷണം ഇല്ലെങ്കില്‍ രാത്രികാലത്ത് പമ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്.