ഗാന്ധിസ്മൃതിയിൽ വയനാട് ചുരം; ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം
പുതുപ്പാടി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പാദസ്പർശമേറ്റ ചുരത്തിൽ ഗാന്ധി സ്മരണ നിലനിർത്താനായി പുതുപ്പാടി പഞ്ചായത്ത് നടപ്പാക്കുന്ന ‘മഹാത്മായനം’ പദ്ധതിക്കു തുടക്കം.
1934 ജനുവരി 14ന് വയനാട്ടിലേക്കുള്ള യാത്രാ മധ്യേ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കുന്നതിന് ഗാന്ധിജി ചുരത്തിൽ ഇറങ്ങി നടന്ന ചരിത്ര സംഭവത്തിന്റെ 90ാം വാർഷികമായ ഇന്നലെ 5ാം വളവു മുതൽ 2ാം വളവു വരെ അനുസ്മരണ പദയാത്ര സംഘടിപ്പിച്ചു.
പുതുപ്പാടി പഞ്ചായത്ത് ഒരു വർഷം നീളുന്ന പരിപാടികളുമായി സംഘടിപ്പിച്ച ‘മഹാത്മായനം’ ലിന്റോ ജോസഫ് എംഎൽഎ പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 2ാം വളവിൽ നടന്ന ഗാന്ധി അനുസ്മരണ സമ്മേളനം ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ് ആധ്യക്ഷ്യം വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്റഫ്, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് മെംബർ അംബിക മംഗലത്ത്, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജു ഐസക്, താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.സൗദ ബീവി, വി.കെ.ഹുസൈൻകുട്ടി, ജ്യോതിഷ്കുമാർ വൈത്തിരി, കെ.പി.സുനീർ, ബുഷ്റ ഷാഫി, രാജേഷ് ജോസ്, ഡപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.ഷാജു എന്നിവർ പ്രസംഗിച്ചു.