Mukkam

മലയാള ദിനപത്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്: എൻ.ഐ.ടി.യിലേക്ക് സി.പി.എം. മാർച്ച് നടത്തി

മുക്കം : എൻ.ഐ.ടി.സി.യിൽ മലയാള ദിനപത്രങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം. കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൻ.ഐ.ടി.യിലേക്ക് മാർച്ച് നടത്തി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം പി.കെ. പ്രേമനാഥ് മാർച്ച് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഏരിയാ കമ്മിറ്റിയംഗം ഇ. വിനോദ് കുമാർ അധ്യക്ഷനായി. മാർച്ച് എൻ.ഐ.ടി. കവാടത്തിനുമുന്നിൽ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് തടഞ്ഞു. ഏരിയാ സെക്രട്ടറി പി. ഷൈപു, ടി.കെ. മുരളീധരൻ എന്നിവർ സംസാരിച്ചു.

മാർച്ച് ഒന്നുമുതൽ കാംപസിലെ വിവിധ ഓഫീസുകളിൽ മലയാള ദിനപത്രങ്ങൾ വിതരണം ചെയ്യേണ്ടെന്ന് അധികൃതർ പത്ര ഏജന്റിന് നിർദേശം നൽകിയിരുന്നു. ഡയറക്ടർ ഓഫീസ്, രജിസ്ട്രാർ ഓഫീസ്, ലൈബ്രറി, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ പത്രം നിർത്താനാണ് നിർദേശം നൽകിയത്. അതേ സമയം, ഇംഗ്ലീഷ് ദിനപത്രങ്ങൾക്ക് വിലക്കില്ല. സമൂഹ മാധ്യമങ്ങളിൽ ഗാന്ധി ഘാതകൻ ഗോഡ്സെയെ എൻ.ഐ.ടി.യിലെ അധ്യാപിക ഷൈജ ആണ്ടവൻ പ്രകീർത്തിച്ചതും എൻ.ഐ.ടി. ഹോസ്റ്റലിലെ മലിനജലം പുറത്തേക്ക് ഒഴുക്കിയതും ഏറെ വിവാദമായിരുന്നു. ഈ വാർത്തകൾ മലയാള ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആറായിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന കാംപസിൽ 70 ശതമാനവും മലയാളി വിദ്യാർഥികളാണ്.

Related Articles

Leave a Reply

Back to top button