Mukkam

എൻ.ഐ.ടി. അധ്യാപകന് കുത്തേറ്റ സംഭവം : സഹപാഠിയുടെപേരിൽ വധശ്രമത്തിന് കേസെടുത്തു

മുക്കം : കോഴിക്കോട് എൻ.ഐ.ടി.യിൽ അധ്യാപകന് കുത്തേറ്റ സംഭവത്തിൽ സഹപാഠിയുടെപേരിൽ വധശ്രമം ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതി ഈറോഡ് സ്വദേശി വിനോദ് കുമാറിനെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം പ്രൊഫസറും സേലം സ്വദേശിയുമായ ഡോ. കെ. ജയചന്ദ്രന് (36) കുത്തേറ്റത്. പൂർവവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്.

2016-ൽ മദ്രാസ് ഐ.ഐ.ടി.യിൽ ഒരേ ഗൈഡിനു കീഴിൽ പിഎച്ച്.ഡി. പൂർത്തിയാക്കിയവരാണ് വിനോദ് കുമാറും ജയചന്ദ്രനും. അന്ന് വിനോദ് കുമാറിനെ ഹൃദ്രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജയചന്ദ്രനാണ് ഗൈഡിന്റെ നിർദേശപ്രകാരം ആശുപത്രിൽ സഹായത്തിന് കൂടെനിന്നത്. അന്നത്തെ ചികിത്സാസർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ സഹായമഭ്യർഥിച്ച് വിനോദ് കുമാർ പലതവണ ജയചന്ദ്രനെ ഫോണിലൂടെയും ഇ-മെയിൽവഴിയും ബന്ധപ്പെട്ടിരുന്നു. മറുപടി ലഭിക്കാത്തതിനെത്തുടർന്നാണ് വിനോദ്കുമാർ, ജയചന്ദ്രനെ നേരിട്ടുകാണാനായി എൻ.ഐ.ടി.യിൽ എത്തിയത്.

ജയചന്ദ്രന്റെ റൂമിലെത്തിയ വിനോദ് കുമാറും ജയചന്ദ്രനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മേശയ്ക്കു മുകളിലുണ്ടായിരുന്ന തെർമോകോൾ മുറിക്കാനുപയോഗിക്കുന്ന കത്തികൊണ്ട് കുത്തുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയചന്ദ്രനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മദ്രാസ് ഐ.ഐ.ടി.യിലെ പഠനത്തിനുശേഷം രണ്ടുവർഷംമുൻപാണ് ജയചന്ദ്രൻ കാലിക്കറ്റ് എൻ.ഐ.ടി.യിൽ ജോലിയിൽ പ്രവേശിച്ചത്. ജയചന്ദ്രന്റെ ഭാര്യയും ഇവിടെ അധ്യാപികയാണ്.

Related Articles

Leave a Reply

Back to top button