Mukkam

വീണ്ടും വന്യജീവി ആക്രമണം ; വിറക് ശേഖരിക്കുകയായിരുന്ന യുവതിയെ കാട്ടുപന്നി ആക്രമിച്ചു

മുക്കം : വന്യജീവികളുടെ ആക്രമണം അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനിടെ കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം. വീടിന് സമീപത്ത് വിറക് ശേഖരിക്കുകയായിരുന്ന യുവതിയാണ് ആക്രമണത്തിന് ഇരയായിരിക്കുന്നത്. മുക്കം നഗരസഭയിലെ നെല്ലിക്കാപ്പൊയിലില്‍ കല്ലുരുട്ടി കുടുക്കില്‍ ബിനുവിന്റെ ഭാര്യ മനീഷക്കാണ് (30) കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാലില്‍ സാരമായി പരുക്കേറ്റത്.

വലതു കാലില്‍ മൂന്നിടത്ത് പൊട്ടലേറ്റ മനീഷയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. പറമ്പില്‍ വിറക് ശേഖരിക്കുന്നതിനിടെ ഓടിയെത്തിയ കാട്ടുപന്നി മനീഷയെ കുത്തുകയായിരുന്നു. കുത്തിന്റെ ആഘാതത്തില്‍ മനീഷ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

ഈ വീഴ്ചയിലാണ് കാലിന് സാരമായി പരുക്കേറ്റത്. മനീഷയെ ഇടിച്ചിട്ട കാട്ടുപന്നി വീടിന് സമീപത്ത് വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന ബിനുവിന്റെ അമ്മയുടെ തൊട്ടടുത്ത് കൂടിയാണ് ഓടി മറഞ്ഞത്. ബഹളം കേട്ട് ബിനു എത്തിയപ്പോള്‍ മനീഷ താഴെ വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങള്‍ രാത്രി കാലങ്ങളില്‍ പന്നിയെ കണ്ടതായി പറയാറുണ്ടെങ്കിലും പകല്‍ സമയത്ത് ഇത്തരമൊരു ആക്രമണം നാട്ടില്‍ ആദ്യമായാണെന്ന് ബിനു പറയുന്നു.

Related Articles

Leave a Reply

Back to top button