കിണറ്റിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മുക്കം : കിണർ നന്നാക്കാനായി ഇറങ്ങി തിരികെ കയറാനാവാതെ കിണറ്റിൽ കുടുങ്ങിയ ആളെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മലയമ്മ സ്വദേശി ചേരിപ്പറമ്പൻ പ്രഭാകരനെയാണ് (73) രക്ഷപ്പെടുത്തിയത്. മുക്കം നഗരസഭയിലെ മുത്തേരി തൂങ്ങാംപുറം മലാംകുന്നത്ത് അബുവിന്റെ വീട്ടിലെ ഇരുപത്തിയഞ്ച് അടിയോളം ആഴമുള്ള കിണറ്റിലാണ് പ്രഭാകരൻ കുടുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
കിണറ്റിലിറങ്ങിയ ഉടനെ ശ്വാസതടസ്സം നേരിട്ടതിനാൽ, തിരികെ കയറാൻ കഴിയാതെ കുടുങ്ങിപ്പോവുകയായിരുന്നു. കിണറ്റിലിറങ്ങുംമുമ്പ് കിണറ്റിലെ ഓക്സിജൻസാന്നിധ്യം അറിയാൻ കത്തിച്ചിട്ടിരുന്ന കടലാസിന്റെ പുക ശ്വസിച്ചതാണ് വിനയായത്. വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാനിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ഒ. അബ്ദുൾ ജലീൽ കിണറ്റിലിറങ്ങി റെസ്ക്യൂ നെറ്റിന്റെ സഹായത്തോടെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തി. കാര്യമായ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. അസി. സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതൻ, സീനിയർ ഫയർ ഓഫീസർ സി. മനോജ്, ഫയർ ഓഫീസർമാരായ കെ. രജീഷ്, ആർ.വി. അഖിൽ, എം. സുജിത്ത്, സനീഷ് പി. ചെറിയാൻ, ഹോം ഗാർഡ് സി. രാധാകൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.