മൂന്നുപതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം: നാഗേരിക്കുന്നിലേക്ക് റോഡായി
കാരശ്ശേരി : മൂന്നുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനുശേഷം നാഗേരിക്കുന്നിലേക്കുള്ള റോഡ് യാഥാർഥ്യമായി. ഞായറാഴ്ച നാലിന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് സുനിതാ രാജൻ റോഡ് തുറന്നുകൊടുക്കും. യാത്രാമാർഗമില്ലാതെ 15-ഓളം കുടുംബങ്ങൾ മലമുകളിൽ ദുരിതമനുഭവിക്കുന്നത് മാതൃഭൂമി പലവട്ടം റിപ്പോർട്ടുചെയ്തിരുന്നു. ഒടുവിൽ വിനോദ് പുത്രശ്ശേരി ചെയർമാനും രജീഷ് പൂളമണ്ണിൽ കൺവീനറുമായ ജനകീയ റോഡുകമ്മിറ്റി നടത്തിയ പരിശ്രമമാണ് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹാരിക്കാൻ വഴിതുറന്നത്. 32 വർഷം മുൻപ് എ.വി. അബ്ദുറഹിമാൻ ഹാജി എം.എൽ.എ.യായിരുന്നപ്പോഴാണ് ഐ.എച്ച്.ഡി.പി.യിൽ (സംയോജിത ഭവനവികസന പദ്ധതി) ഇവിടുത്തെ സ്ഥലം ഉൾപ്പെടുത്തിയത്.
അന്നുമുതൽ കുന്നിൻമുകളിൽ വഴിയില്ലാതെ കഴിഞ്ഞുവന്നവരാണ് ഇവിടുത്തെ കുടുംബങ്ങൾ. ജനകീയകമ്മറ്റി മുൻകൈയെടുത്തപ്പോൾ റോഡിനുവേണ്ടി ഇരുവശങ്ങളിലുമുള്ള വീട്ടുകാർ ഫലവൃക്ഷങ്ങളടക്കം മുറിച്ചുമാറ്റി സൗജന്യമായി സ്ഥലം വിട്ടുകൊടുത്തതുകൊണ്ടാണ് കുന്നിൻമുകളിലേക്ക് റോഡുവെട്ടാനായത്. നാട്ടുകാർ കൂട്ടായി തുകപങ്കിട്ടെടുത്താണ് റോഡ് തുറക്കുന്നതിനുള്ള പ്രവൃത്തിനടത്തിയത്. തുടർന്ന്, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് രണ്ടുലക്ഷം രൂപയും രാഹുൽഗാന്ധി എം.പി.യുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും അനുവദിച്ചതോടെയാണ് റോഡ് ടാറിട്ട് യാത്രായോഗ്യമാക്കിയത്.
ഇനി 250 മീറ്റർകൂടി ടാറിങ്ങിന് ബാക്കിയുണ്ട്. കുത്തനെ കയറ്റമായ കുന്നിൽനിന്ന് രോഗികളെ തോളിലേറ്റിക്കൊണ്ടുപോകേണ്ട അവസ്ഥയായിരുന്നു. നിർമാണസാമഗ്രികൾ മുകളിലെത്തിക്കാൻ കഴിയാത്തതിനാൽ ഭവനപദ്ധതികളിൽ വീടുകൾ അനുവദിച്ചിട്ടുപോലും ഉണ്ടാക്കാൻകഴിയാതെ ഷെഡ്ഡിൽ താമസിക്കേണ്ടിവന്നവരും ഉണ്ടായിരുന്നു. ഇത്തരം ദുരിതങ്ങളെല്ലാം അവസാനിച്ചതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.