ദുരന്തനിവാരണ മുന്നൊരുക്കം; കൊടിയത്തൂരിൽ അടിയന്തര യോഗം ചേർന്നു
കൊടിയത്തൂർ: ദുരന്ത നിവാരണ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ അടിയന്തര യോഗം ചേർന്നു. ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറുകയും പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്ത സാധ്യതകൾ മുൻ നിർത്തിയുമാണ് യോഗം സംഘടിപ്പിച്ചത്. യോഗത്തിൽ ജന പ്രതിനിധികൾ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, റവന്യു വകുപ്പ് ജീവനക്കാർ, റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മഴക്കാല ദുരന്തങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തുള്ളതും മനുഷ്യജീവനും സ്വത്തിനും അപകടകരമാം വിധം ചരിഞ്ഞു നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ അടിയന്തരമായി വെട്ടി മാറ്റി അപകടങ്ങൾ ഒഴിവാക്കേണ്ടതാണെന്നും പരസ്യ ബോർഡുകൾ, ഹോർഡിംഗുകൾ എന്നിവ എത്രയും പെട്ടെന്ന് നീക്കം ചെയ്ത് അപകട സാധ്യത ഒഴിവാക്കേണ്ടതാണന്നും നിർദേശം നൽകി. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, മുക്കം ഫയർ ഓഫീസർ എം.എ ഗഫൂർ, മുക്കം എസ്.ഐ കെ സന്തോഷ്, പഞ്ചായത്ത് സെക്രട്ടറി ടി ആബിദ തുടങ്ങിയവർ സംസാരിച്ചു.