കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ വികസന മുരടിപ്പിൽ ജനപ്രതിനിധികൾക്ക് പ്രതിഷേധം

കൊടിയത്തൂർ: നാലുവർഷമായി കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണത്തിന്റെ പോരായ്മയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ജനപ്രതിനിധികൾ.
ഭരണസമിതി അംഗങ്ങളിൽ അനൈക്യവും ഗ്രൂപ്പുവൈരവും കാരണം ഗ്രാമത്തിനുള്ള അടിസ്ഥാന വികസനം മുടങ്ങിയ അവസ്ഥയിലാണ്. പഞ്ചായത്തിലെ കോൺഗ്രസിലെ ചില അംഗങ്ങൾ വിദേശത്തേക്ക് ബിസിനസ് ആവശ്യാർത്ഥം പോയതും മറ്റൊരു അംഗം പണയം വെച്ച് കബളിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് പ്രതിയുമായതുമാണ് വികസനം തടസപ്പെടാൻ കാരണമെന്ന ആരോപണം നിലവിൽ ഉയരുന്നുണ്ട്.
പഞ്ചായത്തിലെ പ്രധാന റോഡുകൾ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞു ഗതാഗതത്തിന് അനുപയോഗ്യമായിരിക്കുകയാണ്. ഇതോടൊപ്പം, പല റോഡുകളിലും കാൽനട യാത്ര പോലും ദുഷ്കരമായ സ്ഥിതിയിലുമാണ്.
ഗ്രാമ പഞ്ചായത്തിന്റെ വികസന മുരടിപ്പും അഴിമതിയും ചോദ്യം ചെയ്യുകയും,ഇതിൽ പ്രതിഷേധിച്ച് സമരസജ്ജരാകണമെന്ന ആവശ്യവും ഉന്നയിച്ച് സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ചു .
കൊടിയത്തൂർ സൗത്ത് സലഫി സ്കൂളിൽ നടന്ന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സമ്മേളനം നാസർ കൊളായി, ഇ. അരുൺ, കെ.ടി. മൈമൂന എന്നിവർ അടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
ചടങ്ങിനോടനുബന്ധിച്ച് നടന്ന റെഡ് വളണ്ടിയർ മാർച്ചും, ‘സിതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗർ’ എന്ന പേരിൽ നടന്ന പൊതുസമ്മേളനവും ശ്രദ്ധേയമായി. പരിപാടികൾക്ക് നേതൃത്വം നൽകിയ സി.പി.ഐ.എം നേതാക്കളിൽ അഖിൽ കെ.പി രക്തസാക്ഷി പ്രമേയവും, ലാലു പ്രസാദ് ഇ. അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പരിപാടിയിൽ ലോക്കൽ സെക്രട്ടറിയായി ഗിരീഷ് കാരക്കുറ്റിയെ തിരഞ്ഞെടുത്തു.