കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
കൊടിയത്തൂർ: നിർമാണത്തിലിരിക്കുന്ന കോട്ടമുഴി പാലത്തിൻ്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു പുഴയിലേക്ക് പതിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ആവശ്യപ്പെട്ടു. പാലത്തിൻ്റെ പാർശ്വഭിത്തി തകർന്ന സാഹചര്യത്തിൽ തുടർ പ്രവൃത്തികൾ ഗ്രാമ പഞ്ചായത്തുമായി ആലോചിച്ച് വേണമെന്ന നിർദേശം നൽകിയതായും പ്രസിഡന്റ് പറഞ്ഞു.
രാത്രി ആയതുകൊണ്ടും നിർമാണ തൊഴിലാളികൾ സ്ഥലത്ത് ഇല്ലാത്തതുകൊണ്ടും മാത്രമാണ് വൻ ദുരന്തം ഒഴിവായത്. നാലര കോടിയോളം മുടക്കിയുള്ള നിർമ്മാണ പ്രവൃത്തിക്കിടെ ആവശ്യമായ ഉദ്യോഗസ്ഥർ സ്ഥലത്ത് ഉണ്ടാവാറില്ല എന്നും അശാസ്ത്രീയമായ നിർമ്മാണമാണ് എന്നുമുള്ള നാട്ടുകാരുടെ പരാതി പൊതുമരാമത്ത് വകുപ്പോ കരാർ കമ്പനിയോ മുഖവിലക്കെടുത്തിരുന്നങ്കിൽ ഇത്തരമൊരു അപകടം സംഭവിക്കില്ലായിരുന്നു എന്നും പ്രസിഡന്റ് പറഞ്ഞു.
ശക്തമായ മഴയോ ഇരുവഴിഞ്ഞി പുഴയിൽ ശക്തമായ ഒഴുക്കോ ഇല്ലാത്ത സമയത്താണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത് എന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നതാണന്നും പ്രസിഡൻ്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, പഞ്ചായത്ത് അംഗങ്ങളായ മജീദ് രിഹ്ല, യു.പി മമ്മദ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചു.