കണ്ണോത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ കോടഞ്ചേരി പോലീസ് പിടികൂടി
കോടഞ്ചേരി: കണ്ണോത്ത് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളിയ സംഘത്തെ പോലിസ് പിടികൂടി. ഈ മാസം 10-ന് പുലർച്ചെ കപ്യാരുമലയിലെ അഗസ്റ്റിന്റെ റബ്ബർ തോട്ടത്തിൽ മാലിന്യം തള്ളിയ സംഭവത്തിൽ ഉൾപ്പെട്ടവരെയാണ് അന്വേഷണ സംഘത്തിന്റെ നടപടിയിൽ പിടികൂടിയത്. നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളും പരിശോധിച്ചാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
സംഭവത്തിൽ ഉൾപ്പെട്ട ടാങ്കർ ലോറി വയനാടിന്റെ കമ്പളക്കാടിനടുത്ത് നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചെർപ്പുളശ്ശേരി സ്വദേശിയായ നിസാർ അഹമ്മദ് പോലിസിന്റെ പിടിയിലായ പ്രധാന പ്രതിയാണ്. കൂടെയുണ്ടായിരുന്ന മറ്റ് പ്രതികളെയും ഉടൻ പിടികൂടുമെന്നു പോലീസ് അറിയിച്ചു.
ഇതിന് മുൻപ് ഈ മാസം 3-ന് രാത്രിയും കണ്ണോത്ത് പ്രദേശത്ത് മാലിന്യം തള്ളിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസുകളും ഇതേ സംഘവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
താമരശ്ശേരി ഡിവൈഎസ്പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കോടഞ്ചേരി എസ്‌എച്ച്ഒ സജു എബ്രഹാം, എസ്‌ഐ സന്ദീപ് ഇ.എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിത്ത്, സുനിൽ കുമാർ എൻ.എസ്, രജിലേഷ്, ഷിബു കെ.ജെ എന്നിവരുള്‍പ്പെടുന്നു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി നിധിൻ രാജിന്റെ നിർദേശപ്രകാരമാണ് അന്വേഷണ നടപടികൾ നടന്നത്.