ഓലപ്പുരയുടെ ഓർമ്മപുതുക്കിഓലമെടയൽ മത്സരം
![](https://thiruvambadynews.com/wp-content/uploads/2025/01/tdy21112023.gif)
കൊടിയത്തൂർ : ഒരുകാലത്ത് ഓലമെടയലും ഓലകെട്ടിയ വീടുകളും പീടികകളുമൊക്കെ കേരളത്തിന്റെ സാംസ്കാരികമുഖമുദ്രയായിരുന്നു. കാലപ്രവാഹത്തിൽ ഈ സംസ്കാരം ഓർമ്മയായി. എന്നാൽ പഴയകാലസംസ്കൃതിയുടെ ഭാഗമായിരുന്ന ഈ ഓലമെടയൽ പുനരാവിഷ്കരിച്ച് പുതുതലമുറയ്ക്ക് വിസ്മയംതീർത്തിരിക്കുകയാണ് പന്നിക്കോട് എ.യു.പി. സ്കൂൾ. പി.ടി.എ. അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് സ്കൂളിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഗ്രാമീണതയുടെ ഗൃഹാതുരത്വമുണർത്തുന്ന മത്സരം ഒരുക്കിയത്.
ഇത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി. തെങ്ങോലയുപയോഗിച്ചായിരുന്നു പണ്ടുകാലത്തെ വീടുകളുടെയും മറ്റും മേൽക്കൂരനിർമിച്ചിരുന്നത്. ഓലകൊണ്ടുതന്നെ മറച്ചുകെട്ടിയ വീടുകളും കടകളും സാധാരണയായിരുന്നു. എന്നാൽ പുതുതലമുറയ്ക്ക് അത്തരത്തിൽ ഒരനുഭവം ഉണ്ടായിരിക്കാൻ സാധ്യതകുറവാണ്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വേറിട്ടമത്സരം നടത്തിയതെന്നും മത്സരത്തിൽ മെടഞ്ഞ ഓലകളുപയോഗിച്ച് വാർഷികത്തിനുള്ള കൗണ്ടറുകളും മറ്റും നിർമിക്കുമെന്നും പി.ടി.എ. ഭാരവാഹികൾ അറിയിച്ചു.
പുരുഷന്മാരടക്കമുള്ള പി.ടി.എ. അംഗങ്ങളും അധ്യാപകരുമുൾപ്പെടെ 20-ഓളം പേരാണ് ഓലമെടയൽ മത്സരത്തിൽ പങ്കെടുത്തത്. പലർക്കും ഓലമെടയൽ അറിയില്ലെങ്കിലും കൗതുകപൂർവം മത്സരത്തിൽ പങ്കെടുത്തു. എം.പി.ടി.എ. അംഗം ഗോപിക ഒന്നാംസ്ഥാനവും എം.പി.ടി.എ. പ്രസിഡൻറ് റസീന മജീദ് രണ്ടാംസ്ഥാനവും രാധിക മൂന്നാംസ്ഥാനവും നേടി. മാനേജർ സി. കേശവൻ നമ്പൂതിരി, പി.ടി.എ. പ്രസിഡൻറ് ബഷീർ പാലാട്ട്, പ്രധാനാധ്യാപിക പി.എം. ഗൗരി, പൂർവവിദ്യാർഥിസംഘടനാ പ്രസിഡൻറ് ടി.കെ. ജാഫർ, സി. ഫസൽ ബാബു, പി.കെ. ഹഖിം കളൻതോട്, റസീന മജീദ്, മീന അപ്പു, ഗോപിക, സലീന തുടങ്ങിയവർ സംസാരിച്ചു.