അമിതലോഡും മരണപ്പാച്ചിലും കടിഞ്ഞാണില്ലാതെ ടിപ്പർലോറികൾ
തിരുവമ്പാടി : നിശ്ചിതപരിധിയിൽ കവിഞ്ഞ കരിങ്കല്ലുകളും ചെങ്കല്ലുകളും, നിർമാണപ്രവൃത്തിക്കാവശ്യമായ മറ്റ് അസംസ്കൃതവസ്തുക്കളും കയറ്റിയ ടിപ്പർലോറികളുടെ മരണപ്പാച്ചിൽ തുടരുന്നു. ഓടുന്ന ടിപ്പറുകളിൽനിന്ന് കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പെടെ പുറത്തേക്ക് തെറിച്ചുവീഴുന്നത് പതിവാകുകയാണ്.
കഴിഞ്ഞവർഷം വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായിപോയ ടിപ്പറിൽനിന്ന് കൂറ്റൻ കല്ല് പുറത്തേക്ക് തെറിച്ചുവീണ് ബി.ഡി.എസ്. വിദ്യാർഥിയുടെ ജീവൻപൊലിഞ്ഞതോടെ സംസ്ഥാനവ്യാപകമായി പോലീസ്, ആർ.ടി.ഒ. പരിശോധനകൾ ഊർജിപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിന് തുടർച്ചയുണ്ടായില്ല. ഒട്ടേറെ ക്വാറികളും ക്രഷറുകളുമുള്ള മലയോരമേഖലയിൽ പരിശോധന ശക്തമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ മേലേ കൂമ്പാറ അങ്ങാടിയിൽ കഴിഞ്ഞ ഏപ്രിലിൽ ഓടുന്ന ടിപ്പർ ലോറിയിൽനിന്ന് പാറക്കല്ല് റോഡിലേക്ക് തെറിച്ചുവീണിരുന്നു. സ്കൂൾകുട്ടികൾ ഉൾപ്പെടെയുള്ള യാത്രികർ പതിവായി ബസിന് കാത്തുനിൽക്കുന്ന സ്ഥലത്തിന് സമീപത്തേക്കായിരുന്നു കല്ല് തെറിച്ചുവീണത്. ഈസമയം അവിടെ ആളുകളില്ലാതിരുന്നതിനാൽ മാത്രമാണ് അപകടമൊഴിവായത്.
അനുവദനീയമായതിലും എത്രയോമടങ്ങ് അളവിൽ ഖനനം നടക്കുന്ന മിക്ക ക്വാറികളിൽനിന്നും കൂറ്റൻ പാറക്കല്ലുകളും ചെങ്കല്ലുകളും മറ്റും കയറ്റി അതിവേഗത്തിൽ പോവുന്ന ടിപ്പർ മലയോരത്ത് പതിവുകാഴ്ചയാണ്. ജില്ലയിൽത്തന്നെ ഏറ്റവുംകൂടുതൽ ക്വാറികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. തിരുവമ്പാടി നിയോജകമണ്ഡലത്തിൽ മാത്രമായി വിവിധ പഞ്ചായത്തുകളിലായി ഇരുപത്തിയഞ്ചിലധികം ക്വാറികളും ഒട്ടേറെ ക്രഷറുകളുമുണ്ട്. കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്തിലെ കൂമ്പാറയിൽമാത്രം പത്തോളം ക്വാറികളും ഒട്ടേറെ ക്രഷറുകളുമുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരറോഡുകളിലൂടെയടക്കമാണ് അമിതഭാരവുമായി ടിപ്പറുകൾ തലങ്ങും വിലങ്ങും ചീറിപ്പായുന്നത്. ചെങ്കുത്തായ മലമടക്കുകളിലടക്കം യാതൊരു നിയന്ത്രണവുമില്ലാതെയാണ് വേഗപ്പാച്ചിൽ.
മേഖലയിൽ വിവിധ റോഡുകളുടെ നിർമാണം നടക്കുന്നതിനാൽ അമിതതോതിൽ കല്ല് കയറ്റിവരുന്ന ഭീമൻ ടോറസുകളും മരണപ്പാച്ചിൽ തുടരുകയാണ്. അളവിൽക്കൂടുതൽ ഭാരംകയറ്റി അതിവേഗത്തിൽ പോകുന്ന ടിപ്പറുകളുടെ പുറകിൽ ഭീതിയോടെയാണ് ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെയുള്ളവർ യാത്രചെയ്യുന്നത്. ബോഡിക്കുംമുകളിൽ കല്ലുകൾ കയറ്റുന്നതിനാൽ കയറ്റങ്ങൾ കയറുമ്പോൾ ലോറികളിൽനിന്ന് കല്ലുകൾ പുറത്തേക്കുവീഴുന്നത് നിത്യസംഭവമാണ്. മണലും എംസാൻഡും ചെറിയ മെറ്റലുമെല്ലാം കൊണ്ടുപോകുന്ന ലോറികളിലാകട്ടെ പലപ്പോഴും യഥാവിധി മൂടുകപോലും ചെയ്യാതെയാണ് കുതിച്ചുപായുക. ക്വാറികളിൽ പലതിലും കൃത്യമായ അളവിൽ കല്ലുകയറ്റാനുള്ള വെയ് ബ്രിഡ്ജ് സ്ഥാപിക്കാറില്ല.