എം.ടി. സ്മൃതിയാത്ര: പ്രദർശനം ശ്രദ്ധാഞ്ജലിയായി
കൊടിയത്തൂർ : എം.ടി. വാസുദേവൻ നായരുടെ അതിവിശിഷ്ടമായ ജീവിതയാത്ര ആവിഷ്കരിച്ച പ്രദർശന മൊരുക്കി കൊടിയത്തൂർ സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറി. കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളുമായി ചേർന്ന് സ്കൂളിലാണ് എം.ടി. ഓർമ്മയും പ്രദർശനവും ഒരുക്കിയത്.
എം.ടി.യുടെ പുസ്തകങ്ങൾ, അദ്ദേഹത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ, ദിനപ്പത്രങ്ങൾ, ആനുകാലികങ്ങൾ, അദ്ദേഹത്തെപ്പറ്റി വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ സ്പെഷ്യൽ പതിപ്പുകൾ, വർഷങ്ങൾക്ക് മുൻപ് എം.ടി. കൊടിയത്തൂരിൽ പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങൾ, ഇരുപത് വർഷം മുൻപ് എം.ടി. ഖത്തറിൽ ചെന്നപ്പോൾ കൊടിയത്തൂരുകാർ വരവേറ്റ ചിത്രം, സലഫി സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ എം.ടി. കൊളാഷുകൾ, അധ്യാപകരുടെ കലാസൃഷ്ടികൾ തുടങ്ങിയവയെല്ലാം അണിനിരത്തിയ പ്രദർശനം എം.ടി. യ്ക്കുള്ള ശ്രദ്ധാഞ്ജലിയായി മാറി.
കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു അനുസ്മരണ പരിപാടി ഉദ്ഘാടനംചെയ്തു. സീതി സാഹിബ് കൾച്ചറൽ സെന്റർ പ്രസിഡന്റ് സി.പി. ചെറിയ മുഹമ്മദ് അധ്യക്ഷനായി.ആയിഷ ചേലപ്പുറത്ത്, കുഞ്ഞൻ പെരുഞ്ചേരി, പ്രശാന്ത് കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, കെ.വി. അബ്ദുസ്സലാം, പി.സി. അബ്ദുറഹിമാൻ, പി. അബ്ദു റഹിമാൻ, കാരാട്ട് മുഹമ്മദ്, യു. നീതു, ടി. കവിത എന്നിവർ സംസാരിച്ചു.