Kodanchery
കോടഞ്ചേരിയിൽ വൻ ഗതാഗത തടസ്സം

കോടഞ്ചേരി: കോടഞ്ചേരി ടൗണിൽ തിരുവമ്പാടി അഗസ്ത്യാമുഴി റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ഗതാഗതം തടസ്സം സൃഷ്ടിക്കുന്നു.
കോടഞ്ചേരി പഞ്ചായത്ത് ബസ്റ്റാൻഡിലേക്ക് ബസുകളും,വയനാട് ഭാഗത്ത് നിന്നു വരുന്ന നിരവധി വാഹനങ്ങൾ മലപ്പുറം ഭാഗത്തേക്ക് കടന്നുപോകുന്നതും ഇതുവഴിയാണ്. ഈ ഭാഗത്ത് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവുമില്ല. എന്നിരുന്നാലും വലിയ വാഹനങ്ങൾ ഉൾപ്പെടെ റോഡിന് ഇരുവശവും വളരെ അലക്ഷ്യമായാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഇവിടെ ഗതാഗത തടസ്സവും അപകടവും വർദ്ധിക്കുന്നു. പ്രദേശത്തെ അനധികൃത പാർക്കിംഗ് മൂലം തൊട്ടടുത്ത എൽ പി സ്കൂളിലേക്ക് കുട്ടികൾക്ക് കടന്നുപോകുന്നതിനു വരെ പ്രയാസം സൃഷ്ടിക്കുന്നു.
ഈ ഭാഗത്ത് വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് തടയാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.