കാൻസർ പ്രതിരോധം; പുതുപ്പാടിയിൽ ശില്പശാല സംഘടിപ്പിച്ചു

പുതുപ്പാടി : സ്ത്രീകളിലെ കാൻസർ രോഗബാധ മുൻകൂട്ടി കണ്ടെത്തുക എന്ന ലക്ഷ്യം മുൻനിർത്തി നടപ്പാക്കുന്ന കാൻസർ പ്രതിരോധത്തിന്റെ ഭാഗമായി പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും പുതുപ്പാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെയും നേതൃത്വത്തിൽ പഞ്ചായത്തുതല സ്‌ക്രീനിങ് ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തിലെ എട്ട് ഹെൽത്ത്‌സെന്ററുകളുടെ പരിധിയിലെ മുപ്പതിനും 65-നും ഇടയിൽ പ്രായമുള്ള സ്ത്രീകളെ കാൻസർ നിർണയ സ്‌ക്രീനിങ്ങിന് വിധേയമാക്കാനാണ് പ്രതിരോധയജ്ഞം വിഭാവനം ചെയ്യുന്നത്.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്‌സൺ റംല അസീസ് അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൽജമാൽ പദ്ധതി വിശദീകരിച്ചു. ജീന കുര്യാക്കോസ് വിഷയാവതരണം നടത്തി. ആയിഷക്കുട്ടി സുൽത്താൻ, ശ്രീജാ ബിജു, കെ.ജി. ഗീത, കെ. രാധ, ഉഷാകുമാരി, എം.സി. ബഷീർ, ആസിയ, ഷീബ സജി, ടി.എം. റഷീദ്, ഷീജ തുടങ്ങിയവർ സംസാരിച്ചു.