ചെറുപുഴയിൽ ജലക്ഷാമം നേരിടാൻ തടയണകൾ റെഡി

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ ചെറുപുഴയിൽ വെള്ളം വറ്റിത്തുടങ്ങിയതോടെ ജലക്ഷാമം നേരിടാൻ ജനകീയതടയണ നിർമിച്ച് മുൻകരുതൽ നടപടിയും തുടങ്ങി. മഴക്കാലത്തുപോലും കുടിവെള്ളവിതരണത്തെമാത്രം ആശ്രയിക്കുന്ന കടുത്ത ജലക്ഷാമം അനുഭവിക്കുന്നതടക്കമുള്ള പ്രദേശങ്ങളുടെ ജലവിതരണപദ്ധതികളുടെ കിണറുകൾ എല്ലാംതന്നെ ചെറുപുഴയിലാണ്. പുഴയോരത്തെ കിണറുകളിലെ വെള്ളലഭ്യതയും ചെറുപുഴയെ ആശ്രയിച്ചുള്ളതാണ്. വേനൽ തുടങ്ങുന്നതിനു മുൻപുതന്നെ പുഴ വറ്റിത്തുടങ്ങി. പുഴയോരത്തേതടക്കം കിണറുകളിൽ വെള്ളവും വറ്റിത്തുടങ്ങി. ഈ സാഹചര്യത്തിൽ കുടിവെള്ളക്ഷാമം നേരിടാൻ പുഴയിൽ തടയണകൾ നിർമിച്ച് ജലസംരക്ഷണത്തിലൂടെ പരിഹാരനടപടികൾ എടുക്കുകയാണ് ജനകീയക്കൂട്ടായ്മകൾ.
സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ കാരമൂല-ആലുള്ളകണ്ടി കടവിൽ മണൽച്ചാക്കുകൊണ്ട് തടയണനിർമിച്ചു. കുളിക്കടവിലേക്ക് ഇറങ്ങുന്നതിനുള്ള ചവിട്ടുപടികളും നിർമിച്ചു. കെ. സുരേഷ്, കെ.പി. ബിജുൻ, അബ്ദു തരിപ്പയിൽ, വിപിൻ ബാബു, ബാലകൃഷ്ണൻ, സുധി കൈക്കോട്ടുംപൊയിൽ, ടി.കെ. മധു, പി.ബി. വിഷ്ണു, ദിനേശൻ, അർജുൻ, തുടങ്ങിയവർ നേതൃത്വംനൽകി.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകരയുടെ നേതൃത്വത്തിൽ യുവാക്കുകളുടെ കൂട്ടായ്മയായ ടീം രണ്ടാംവാർഡ് ചെറുപുഴയുടെ കാരമൂല മണ്ടാംകടവിൽ തടയണ നിർമിച്ചു. അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്ത് പുഴയും പരിസരവും ശുചീകരിക്കുകയും ചെയ്തു. ജംഷീദ് ഒളകര, കെ.പി. മുജീബ് റഹ്‌മാൻ, ടി.കെ. സുധീരൻ, നിഷാദ് വീച്ചി, എം.കെ. ശശി, അനിൽ കാരാട്ട്, അഭിനന്ദ് അക്കരപ്പറമ്പിൽ, കെ.പി. ശിവൻ, ബിച്ചുണ്ണി തുടങ്ങിയവർ നേതൃത്വംനൽകി. മാങ്കുന്ന്, കൈക്കോട്ടുംപൊയിൽ, അത്താഴക്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ജലവിതരണപദ്ധതികളിലെ കിണറുകൾക്കും പ്രയോജനപ്പെടുന്നതാണ് മണ്ടാംകടവ്, ആലുള്ളകണ്ടി കടവുകളിൽ നിർമിച്ച തടയണകൾ.