Karassery

എന്നുതുറക്കും ഈ വിശ്രമകേന്ദ്രം

കാരശ്ശേരി : കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ടേക്ക് എ ബ്രേക്ക് വഴിയോരവിശ്രമകേന്ദ്രം മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നാലുമാസത്തിലേറെയായി തുറന്നുപ്രവർത്തിക്കുന്നില്ല. നടത്തിപ്പിന് കരാറെടുത്തവർ കാലാവധികഴിഞ്ഞപ്പോൾ ഒഴിഞ്ഞുപോയതോടെയാണ് പ്രവർത്തനം നിലച്ചത്.

കഴിഞ്ഞ ഡിസംബറിൽ ഗ്രാമപ്പഞ്ചായത്ത് പുതിയടെൻഡർ ക്ഷണിക്കുകയും ഇതിൽ ഒന്നാമതായെത്തിയ വ്യക്തിക്ക് കരാർ നൽകുകയും ചെയ്തു. എന്നാൽ ഈ ലേലത്തിൽ പങ്കെടുത്തയാൾ പിന്നീട് ഒഴിഞ്ഞുപോയി. ഇതേത്തുടർന്ന് ടെൻഡറിൽ രണ്ടാംസ്ഥാനക്കാരായവർക്ക് ഇപ്പോൾ വിശ്രമകേന്ദ്രം നടത്തിപ്പ് പഞ്ചായത്ത് ഏൽപ്പിച്ചുകൊടുക്കുന്നതിന് നടപടി സ്വീകരിച്ചിരിക്കുകയാണ്. റംസാൻ നോമ്പ് കഴിഞ്ഞാലുടൻ പുതിയകരാറുകാരൻ തുറന്നുപ്രവർത്തിപ്പിക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര പറഞ്ഞു. വെള്ളത്തിന്റെ പൈപ്പിലെ കേടുപാട് മുതലായ അറ്റകുറ്റപ്പണികൾ നടത്തി തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയുംവിധം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോരത്ത് മാടാമ്പുറത്ത് 2023-ൽ ആണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്. നേരത്തേ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോട്ടൽ ഉൾപ്പെടെയുള്ളവയ്ക്കായി കരാറെടുത്തവർ കാലാവധികഴിഞ്ഞ് നിർത്തിപ്പോയതുമുതൽ അടഞ്ഞുകിടക്കുകയാണ്. ഇവിടെ പ്രവർത്തിച്ചിരുന്ന ശൗചാലയമടക്കമുള്ള സംവിധാനങ്ങളും പൂട്ടുകയായിരുന്നു. പൊതുശൗചാലയ സമുച്ചയങ്ങളും വിശ്രമമുറികളും അടങ്ങുന്നതാണ് ടേക്ക് എ ബ്രേക്ക് പദ്ധതി. ഇതുവഴി കടന്നുപോകുന്ന ദീർഘദൂരയാത്രക്കാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കത്തക്ക രീതിയിലുള്ള അഞ്ച് ശുചിമുറിയും മൂന്ന് യൂറിനൽ പോയിന്റുകളും വാഷ്ബേസിനുകളും കോഫി ഷോപ്പിനുള്ള സൗകര്യവും വിശ്രമമുറികളുമടങ്ങുന്നതായിരുന്നു വഴിയോരവിശ്രമകേന്ദ്രം. സാനിട്ടറി നാപ്കിൻ, ഡിസ്ട്രോയർ, അജൈവമാലിന്യ സംഭരണ സംവിധാനങ്ങൾ അണുനശീകരണ സംവിധാനങ്ങൾ എന്നിവയടങ്ങുന്ന പദ്ധതിയാണ് ലക്ഷ്യംവെച്ചിരുന്നത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് മറ്റെവിടെയും പൊതുവിശ്രമംകേന്ദ്രവും ശൗചാലയവും ഇല്ലാത്തതിനാൽ അനേകം യാത്രക്കാർക്ക് വളരെയേറെ ഉപകാരപ്പെടുന്ന വിശ്രമകേന്ദ്രമാണ് അടഞ്ഞുകിടക്കുന്നത്.

2023 ജൂൺ 14-ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് മാടാമ്പുറത്തെ വഴിയോരവിശ്രമകേന്ദ്രം ഉദ്ഘാടനംചെയ്തത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത് കൊയിലാണ്ടിക്കും അരീക്കോടിനുമിടയിലുള്ള ഏക ടേക്ക് എ ബ്രേക്ക് കെട്ടിടമാണിത്.
ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടപ്പാക്കുന്ന പദ്ധതിപ്രകാരം ശുചിത്വമിഷൻ ഫണ്ട്, തനതുഫണ്ട്, ധനകാര്യ കമ്മിഷൻ ഗ്രാന്റ് എന്നിവയിൽനിന്ന്‌ ലഭിച്ച 42,19,000 രൂപ ചെലവഴിച്ചാണ് ആദ്യഘട്ട പ്രവൃത്തി പൂർത്തിയാക്കിയത്. ഇതേകെട്ടിടത്തിന്റെ ഒന്നാംനിലയിൽ യാത്രക്കാർക്ക് താമസിക്കാനുള്ള ഡോർമിറ്ററി, മുറികൾ എന്നിവയാണ് ഇനി നിർമിക്കാനുള്ളത്. രണ്ടാംഘട്ടത്തിൽ ഒന്നാംനിലകൂടി നിർമിച്ച് ഈ സൗകര്യങ്ങളും ഒരുക്കുമെന്ന് കാരശ്ശേരി ഗ്രാമപ്പഞ്ചായത്തധികൃതർ വ്യക്തമാക്കിയിരുന്നു. അതും നടപ്പാക്കാനുണ്ട്.

Related Articles

Leave a Reply

Back to top button