വേനലിൽ കുളിരുതേടി കക്കാടംപൊയിലിലേക്ക്

തിരുവമ്പാടി : ചുട്ടുപൊള്ളുന്ന വേനലിൽ കുളിരുതേടി കക്കാടംപൊയിലിലേക്ക് വിനോദസഞ്ചാരികൾ ഒഴുകുന്നു. അവധിദിനങ്ങളിൽ ടൂറിസ്റ്റ് വാഹനങ്ങളുടെ പടതന്നെയാണ് ഈ പശ്ചിമഘട്ടമലനിരകളിലേക്കെത്തുന്നത്. സ്കൂൾ പൂട്ടുന്നതോടെ അടുത്തയാഴ്ചമുതൽ കുടുംബ ടൂറിസ്റ്റുകളുടെ പറുദീസയാകുമിവിടം. തിരക്കുകളിൽനിന്നെല്ലാം ഒഴിഞ്ഞ് പ്രകൃതിയിൽ അലിഞ്ഞുചേരാനായാണ് സഞ്ചാരികളിവിടെയെത്തുന്നത്. പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലനിരകളിലൂടെ ഒരു യാത്ര. വയനാടിനോടുസാമ്യമുള്ള തണുത്ത കാലാവസ്ഥയാണ് സദാസമയവും. കോടമഞ്ഞുചൂടിയ അന്തരീക്ഷമാണ് സഞ്ചാരികളുടെ മനസ്സും ശരീരവും കുളിർപ്പിക്കുന്നത്.
കൂടരഞ്ഞി പഞ്ചായത്തിലും നിലമ്പൂർ ചാലിയാർ പഞ്ചായത്തിലുമാണ് കക്കാടംപൊയിൽ പ്രദേശം. മലയോര ഹൈവേ യാഥാർഥ്യമായത് സഞ്ചാരികൾക്ക് അനുഗ്രഹമായിരിക്കുകയാണ്. ധാരാളം റിസോർട്ടുകളും ഹോം സ്റ്റേ സൗകര്യവുമുണ്ട്. കോഴിക്കോട്, തിരുവമ്പാടി, നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന് കക്കാടംപൊയിലിലേക്ക് ബസ് സർവീസുണ്ട്. ഇക്കോ ടൂറിസത്തിന്റെയും ഫാം ടൂറിസത്തിന്റെയും ഈറ്റില്ലംകൂടിയാണ് ഈ ഗ്രാമം.
പഴശ്ശിരാജ ഗുഹ
പഴശ്ശിരാജ വയനാട്ടിൽനിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിൽ ഇടത്താവളമാക്കിയ കോട്ട. കക്കാടംപൊയിലിൽനിന്ന് നാലുകിലോമീറ്റർ അകലെ നായാടംപൊയിലിനുസമീപത്തായാണ് ഈ ഗുഹ. പഴശ്ശിരാജാവ് വിശ്രമകേന്ദ്രവും ഒളിത്താവളവുമാക്കിയിരുന്ന ഗുഹയാണിത്.
കോഴിപ്പാറ വെള്ളച്ചാട്ടം
കക്കാടംപൊയിലിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ കുറുവൻപുഴയിലാണ് ഈ വെള്ളച്ചാട്ടം. വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇൻഫർമേഷൻ സെന്റർ, ശുചിമുറികൾ എന്നിവയുമുണ്ട്.
കുരിശുമല
കക്കാടംപൊയിൽ-നായാടംപൊയിൽ റോഡിൽ അഞ്ചുകിലോമീറ്റർ അകലെ കുരിശുമല, എട്ടാംബ്ലോക്കിലെ ആദിവാസിഗുഹ, നിലമ്പൂർ റോഡിലെ എസ് വളവ്, സൂര്യാസ്തമയങ്ങൾ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്.
ഫാം ടൂറിസം
പ്രകൃതിഭംഗി ആസ്വദിക്കുന്നതോടൊപ്പം ഇഷ്ടമുള്ള കാർഷികോത്പന്നങ്ങളും വളർത്തുമൃഗങ്ങളും സ്വന്തമാക്കാനുള്ള അവസരമാണ് ഫാം ടൂറിസം തുറന്നിടുന്നത്. ഒട്ടേറെ കർഷകരാണ് ഈ രംഗത്തുള്ളത്. മൂല്യവർധിത ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തിയവർ. കോഴിപ്പാറയിൽ ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്. വനവിഭവങ്ങളും വനംസംരക്ഷണസമിതി ഉത്പാദിപ്പിക്കുന്ന വിഭവങ്ങളും ഇവിടെ ലഭ്യമാണ്. കക്കാടംപൊയിലിലെ സ്വിമ്മിങ്പൂളിൽ കുളിച്ചുല്ലസിക്കുന്നവർ