Karassery
പെരുമ്പാമ്പുകളെ പിടികൂടി

കാരശ്ശേരി : കാരമൂലയിൽനിന്നും മുക്കത്തുനിന്നുമായി കഴിഞ്ഞദിവസം രണ്ടു പെരുമ്പാമ്പുകളെ പിടികൂടി. കാരമൂല ചുണ്ടക്കമണ്ണിൽ ഈശ്വരിയുടെ വീട്ടുമുറ്റത്തെത്തിയ പാമ്പിനെയും മുക്കം അനാഥശാലയുടെ സമീപം താമസിക്കുന്ന സിദ്ധീക്കിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പിനെയുമാണ് പിടികൂടിയത്. വിവരമറിയിച്ചതിനെത്തുടർന്നെത്തിയ സ്നേക് റെസ്ക്യൂവർ ബാബു എള്ളങ്ങലാണ് രണ്ടിനെയും പിടികൂടിയത്.
ഈശ്വരിയുടെ വീട്ടുമുറ്റത്തെ പാമ്പിനെ കോഴിക്കൂട്ടിലേക്കു കയറാൻ ശ്രമിക്കുന്നതിനിടെ പിടികൂടി. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെയാണ് ഇവിടെനിന്ന് ലഭിച്ചത്. സിദ്ധീക്കിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിക്കൂടിയ പെരുമ്പാമ്പ് മൂന്നു കോഴികളെ അകത്താക്കിയിരുന്നു. പിടികൂടിയ പാമ്പുകളെ താമരശ്ശേരിയിലെത്തിച്ച് വനംവകുപ്പധികൃതർക്ക് കൈമാറി.







