Karassery

ഇരുവഞ്ഞിയിൽ തെളിനീരൊഴുക്കാൻ ‌ മെഗാശുചീകരണ യജ്ഞം

കാരശ്ശേരി: എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ 11-ന് ഇരുവഞ്ഞിപ്പുഴയിൽ മെഗാശുചീകരണ യജ്ഞം നടത്തും. കൊടിയത്തൂർ, കാരശ്ശേരി, ചാത്തമംഗലം, മുക്കം എന്നീ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പ്രദേശത്തെ മുഴുവൻ സന്നദ്ധസംഘങ്ങളും പ്രകൃതി സ്നേഹികളും അണിചേരും. അഗസ്ത്യൻമുഴിമുതൽ കൂളിമാട് വരെയുള്ള ശുചീകരണയജ്ഞത്തിൽ 44 സംഘടനകൾ പങ്കാളികളാവും. ആംബുലൻസ് സേവനവും, മാലിന്യമെടുക്കാൻ തോണികളും ഉപയോഗിക്കും. കാടുകളും, പുഴയിലേക്ക് തൂങ്ങിനിൽക്കുന്ന മരക്കമ്പുകളും വെട്ടിമാറ്റി ഒഴുക്ക് തടസ്സരഹിതമാക്കും. പുഴയിൽനിന്ന് ശേഖരിക്കുന്ന മുഴുവൻ പ്ലാസ്റ്റിക് മാലിന്യവും വെയിസ്റ്റ് മാനേജ്മെന്റ് കമ്പനിയായ ഗ്രീൻ വേമ്സ് സംസ്കരിക്കാൻ ഏറ്റെടുക്കും.

ഹരിതകേരളമിഷനും പുഴശുചീകരണ യജ്ഞത്തിന് പിന്തുണ നൽകുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് മുഴുവൻ മിഷൻ സർട്ടിഫിക്കറ്റ്‌ നൽകും. ശുചീകരണത്തെത്തുടർന്ന് പുഴസംരക്ഷണ ബോധവത്‌കരണം നടത്തും.

തീരദേശവാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കാവൽസമിതികൾ രൂപവത്കരിക്കും. എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ് ജന.കൺവീനർ കെ.ടി.എ. നാസർ, ശുചീകരണ യജ്ഞം ചെയർമാൻ ജി. അബ്ദുൾ അക്ബർ, കൺവീനർ എൻ. ശശികുമാർ, ജോ.കൺ. വി. നാജി എന്നിവരാണ് മെഗാ യജ്ഞത്തിന് നേതൃത്വം നൽകുന്നത്.

അഗസ്ത്യൻമുഴിമുതൽ കൂളിമാട് വരെ എട്ടുകിലോമീറ്ററോളം ദൂരം പുഴ ശുചീകരിക്കാൻ ആയിരത്തോളംപേർ പങ്കെടുക്കും. രാവിലെ 7 മുതൽ ആളുകൾ അവരവരുടെ പ്രദേശത്തെ പുഴ ശുചീകരിക്കുകയാണ് ചെയ്യുക. കോവിഡ് നിയന്ത്രണ പ്രകാരം കൂട്ടംകൂടലുകൾ ഒഴിവാക്കിയാണ് പ്രവൃത്തിയെന്ന് എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ ചെയർമാൻ പി.കെ.സി. മുഹമ്മദ് അറിയിച്ചു, അക്രമകാരികളായ നീർനായകളുടെ ആവാസകേന്ദ്രങ്ങൾ ഇല്ലാതാക്കുകയും നിർഭയത്തോടെ പുഴയിലേക്ക് ഇറങ്ങാനുള്ള വഴിയൊരുക്കുമെന്നും ശുചീകരണയജ്ഞം ചെയർമാൻ ‌ജി. അബ്ദുൾ അക്ബർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button