Karassery

വേനൽച്ചൂടിൽ വാഴക്കൃഷി വ്യാപകമായി നശിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധസംഘമെത്തി

കാരശ്ശേരി : വേനൽച്ചൂടിൽ വാഴക്കൃഷി വ്യാപകമായി നശിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ വിദഗ്ധസംഘമെത്തി. കാരശ്ശേരി, കൊടിയത്തൂർ, മാവൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും വാഴക്കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. കൊടുംചൂടിനെത്തുടർന്ന് വാഴക്കുലകൾ പഴുക്കാത്തതാണ് കർഷർ നേരിടുന്ന പ്രധാന പ്രതിസന്ധി. പഴുക്കാതെ വാടിനിൽക്കുകയും പിന്നീട് കരിഞ്ഞുപോവുകയുമാണ്. ഇതുമൂലം വാഴക്കുലകളും പഴവും ആർക്കുംവേണ്ടാത്ത അവസ്ഥയായി.

കുന്ദമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ എം.കെ. ശ്രീവിദ്യ, കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ എൻ. ഇസഫിയ, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള ജില്ലാ മാനേജർ എസ്. സിന്ധു, അസിസ്റ്റന്റ് മാനേജർ ജയരാജ് ജോസഫ് , മുക്കം കൃഷി ഓഫീസർ ടിൻസി, മുക്കം കൃഷി അസിസ്റ്റന്റ് പി.പി. ദിവ്യ തുടങ്ങിയവരാണ് പഠനസംഘത്തിലുണ്ടായിരുന്നത്. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള ഡയറക്ടർ കെ. ഷാജികുമാർ, മുക്കം എസ്.കെ.എസ്. ഭാരവാഹികളായ അബ്ദുൾബാർ, മതാംവീട്ടിൽ അപ്പുണ്ണി, വേണുദാസ് തടപ്പറമ്പ്, ടി. ഹരിദാസൻ, വഹാബ് തുടങ്ങിയവർ സംഘത്തിന് വിശദീകരിച്ചു.

പഴുക്കാതെ കുല നശിക്കുന്നതിന് ഇൻഷുറൻസ് ലഭ്യമല്ല. ഈ സാഹചര്യത്തിൽ കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് വേണമെന്നാണ് കർഷകരുടെ ആവശ്യം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സംഘം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button