ഒരേ സ്കൂളിലെ 13 ജോഡി ഇരട്ടകൾക്ക് പത്താംതരത്തിൽ വിജയമധുരം
കൊടിയത്തൂർ : ഒരേ സ്കൂളിൽനിന്ന് ഒരേ ബാച്ചിൽ പഠിച്ച് ഒരേപരീക്ഷയെഴുതിയ 13 ഇരട്ടസഹോദരങ്ങൾ വിദ്യാലയത്തിനും നാടിനും സമ്മാനിച്ചത് അപൂർവനേട്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം കരസ്ഥമാക്കിയ സ്കൂൾ എന്ന ഖ്യാതിനേടിയ കൊടിയത്തൂർ പി.ടി.എം. ഹയർസെക്കൻഡറി സ്കൂളിലാണ് ഇരട്ടകൾ ഒത്തൊരുമിച്ച് ഇരട്ടിമധുരം സമ്മാനിച്ചത്. ഇരട്ടസഹോദരങ്ങളായ 26 പേർ ഒരുമിച്ച് ഒരേ ബാച്ചിൽ പരീക്ഷയെഴുതി എല്ലാവരും വിജയിക്കുന്നത് സംസ്ഥാനത്തുതന്നെ അപൂർവ സംഭവമാണ്. ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നപ്പോൾ രണ്ടുജോഡി ഇരട്ടകൾ ഉൾപ്പെടെ എട്ടുപേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടുകയും ചെയ്തു. 877 വിദ്യാർഥികളെ പരീക്ഷയ്ക്കിരുത്തി മുഴുവൻപേരെയും വിജയിപ്പിച്ച് സ്കൂൾ ജില്ലയിൽ ഒന്നാമതെത്തുകയും ചെയ്തു. 210 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി സ്കൂളിനെ എ പ്ലസ് പട്ടികയിൽ ജില്ലയിൽ രണ്ടാംസ്ഥാനത്തും എത്തിച്ചു.
ഓമശ്ശേരി സ്വദേശികളായ എ.പി. ബഷീർ-ബുഷ്‌റ ദമ്പതിമാരുടെ മക്കളായ ഫഹദ് ബഷീർ, റീഹ ഫാത്തിമ, കൊടിയത്തൂർ സ്വദേശികളായ പി.എ. ആരിഫ് അഹമ്മദ്-സുഹൈന ദമ്പതിമാരുടെ മക്കളായ ഹാനി റഹ്‌മാൻ, ഹാദി റഹ്‌മാൻ, വാലില്ലാപുഴ സ്വദേശികളായ അബ്ദുൽ ജബ്ബാർ-നജ്മുന്നീസ ദമ്പതിമാരുടെ മക്കളായ മുഹമ്മദ് അജ്ഹദ്, മുഹമ്മദ് അജ്‌വദ്, കൊടിയത്തൂർ സ്വദേശികളായ രവീന്ദ്രൻ-സ്മിത ദമ്പതിമാരുടെ മക്കളായ അമൽ, അർച്ചന, അബൂബക്കർ-സുഹറ ദമ്പതിമാരുടെ മക്കളായ അഫ്‌ന, ഷിഫ്‌ന, ഓമശ്ശേരി സ്വദേശികളായ അബ്ദുറഹിമാൻ-സീനാ ബായ് ദമ്പതിമാരുടെ മക്കളായ അബിയ ഫാത്തിമ, അഫിയ ഫാത്തിമ, എരഞ്ഞിമാവ് സ്വദേശികളായ അബ്ദുൽ ഗഫൂർ-ബേബി ഷഹ്ന ദമ്പതിമാരുടെ മക്കളായ വി. ഫാസിയ, വി. മുഹമ്മദ് ഫാസിൽ, കാരശ്ശേരി സ്വദേശികളായ മഞ്ചറ ജമാൽ-ജസീന ദമ്പതിമാരുടെ മക്കളായ ഹയ ഫാത്തിമ, ഹന ഫാത്തിമ, മുക്കം സ്വദേശികളായ അൻവർ ഗദ്ദാഫി-ഷഫീന ദമ്പതിമാരുടെ മക്കളായ ഫാത്തിമ ലിയ, ഫാത്തിമ സിയ, പന്നിക്കോട് സ്വദേശികളായ സുരേന്ദ്രബാബു-ഷീജ ദമ്പതിമാരുടെ മക്കളായ കൃഷ്ണേന്ദു, കൃപാനന്ദ്, എരഞ്ഞിമാവ് സ്വദേശികളായ പി.പി. മൻസൂറലി-ലൈലാബി ദമ്പതിമാരുടെ മക്കളായ സൻഹ, മിൻഹ, മാവൂർ സ്വദേശികളായ അബ്ദുറഹിമാൻ -സാബിറ ദമ്പതിമാരുടെ മക്കളായ ഫാത്തിമ റിയ, ആയിശ ദിയ, ഗോതമ്പ്‌റോഡ് സ്വദേശികളായ ഷമീർ-റഫ്‌നീന ദമ്പതിമാരുടെ മക്കളായ എ.എസ്. റിഹാൻ, റിഷാൻ എന്നിവരാണ് ഒരേവർഷം ഒരേ സ്കൂളിലെ ഒരേ ബാച്ചിൽ ഒരുമിച്ച് പത്താംതരം വിജയിച്ചത്. ഇവരിൽ ഫഹദ് ബഷീർ-റീഹ ഫാത്തിമ, ഹാനി റഹ്‌മാൻ-ഹാദി റഹ്‌മാൻ ജോഡികളും ഷിഫ്‌ന, ഫാത്തിമ സിയ, കൃപാനന്ദ്, അമൽ എന്നിവരുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.