ജനകീയക്കൂട്ടായ്മയിൽ കാരക്കുറ്റി കോളനി നവീകരണം പൂർത്തിയാവുന്നു

കൊടിയത്തൂർ : ഗ്രാമപ്പഞ്ചായത്തിലെ ലക്ഷംവീട് കോളനികൾ അസൗകര്യങ്ങൾ പരിഹരിച്ച് പുതിയരൂപത്തിലേക്ക് മാറുകയാണ്. കോളനികളുടെ മുഖച്ഛായമാറ്റുന്ന സമഗ്ര നവീകരണപ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പഞ്ചായത്തിൽ രണ്ടെണ്ണമാണ് ലക്ഷംവീട് കോളനികളുള്ളത്. ഇതിൽ രണ്ടാംവാർഡിലെ 14 വീടുകളുള്ള കാരക്കുറ്റി ലക്ഷംവീട് കോളനിയിൽ നവീകരണം അന്തിമഘട്ടത്തിലെത്തി. സെപ്റ്റംബറിലാണ് കോളനികളെ സമഗ്രമായി നവീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.
വീടുകൾ നന്നാക്കി അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിനൊപ്പം കോളനികളുടെ പേരും മാറ്റാനാണ് തീരുമാനം.
വീട്, റോഡ്, വെള്ളം, വെളിച്ചം, ചുറ്റുമതിൽ, പൂന്തോട്ടം, ആരോഗ്യ, ശുചിത്വസംരക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കും. ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച്സൗ ന്ദര്യവത്കരണപ്രവൃത്തിയും പൂർത്തിയാക്കും. നവീകരിച്ച മാട്ടുമറി നാലുസെന്റ് കോളനിയുടെ പേര് രാജീവ് നഗർ എന്നുമാറ്റിയിരുന്നു.
1970-ൽ സ്ഥാപിച്ച ലക്ഷംവീട് കോളനിയിൽ 50 വർഷത്തിലധികമായിട്ടും കാര്യമായ നവീകരണമൊന്നും നടപ്പായിരുന്നില്ല.







