Thiruvambady

തിരുവമ്പാടിയിൽ പൊതുശൗചാലയം പൊളിച്ചുമാറ്റിയതിനെച്ചൊല്ലി വിവാദം

തിരുവമ്പാടി : നഗരത്തിൽ പ്രാഥമികസൗകര്യങ്ങൾ വിപുലമാക്കാൻ ഗ്രാമപ്പഞ്ചായത്ത് നിർമിക്കുന്ന വിശ്രമ മന്ദിരത്തിൽ കംഫർട്ട് സ്റ്റേഷൻ ഒരുക്കുന്നതിന്റെ ഭാഗമായി പൊതുശൗചാലയം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദം. ബദൽ സംവിധാനമൊരുക്കാതെ ബസ്‌സ്റ്റാൻഡിലെ പൊതുശൗചാലയം പൊളിച്ചതോടെ യാത്രക്കാർ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. കെട്ടിടനിർമാണം പൂർത്തിയായെങ്കിലും വയറിങ് ഉൾപ്പെടെ അവസാനഘട്ട മിനുക്കുപണികൾ ബാക്കിനിൽക്കേയാണ് പൊതുശൗചാലയം പൊളിച്ചിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി. ദീർഘദൂര ബസുകൾ ഉൾപ്പെടെ ഒട്ടേറെ ബസുകൾ കയറിയിറങ്ങുന്ന സ്റ്റാൻഡിൽ കംഫർട്ട്‌ സ്റ്റേഷൻ സൗകര്യമില്ലാത്തത് യാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. യാത്രക്കാരുടെ വിഷമങ്ങൾ പരിഹരിക്കാൻ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് എൽ.ഡി.എഫ്. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജോളി ജോസഫ് അധ്യക്ഷതവഹിച്ചു. സി. ഗണേഷ് ബാബു, പി.ജെ. ജോസഫ്, ഗോപിലാൽ, അബ്ദുൽ നിസ്താർ, ബേബി മണ്ണുംപ്ലാക്കൽ, സി.കെ. അബ്ബാസ് എന്നിവർ സംസാരിച്ചു.

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം വീർപ്പുമുട്ടുന്ന നഗരത്തിന്റെ മുഖച്ഛായതന്നെ മാറുന്ന പദ്ധതിയാണ് വിശ്രമമന്ദിരം. ബസ്‌സ്റ്റാൻഡിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് വിശ്രമമന്ദിരത്തിനായി കെട്ടിടം പണിതിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് 58 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനിലക്കെട്ടിടം നിർമിച്ചിരിക്കുന്നത്. ഇവിടെ ബസ് യാത്രക്കാർക്കുള്ള വിശ്രമകേന്ദ്രം, ശൗചാലയം, കോഫി ഹൗസ്, സ്ത്രീകൾക്ക് മുലയൂട്ടൽകേന്ദ്രം എന്നീ സൗകര്യങ്ങളൊരുക്കും. തൊട്ടരികിലുള്ള ഗ്രാമപ്പഞ്ചായത്ത് സാംസ്കാരിക നിലയത്തിലെ ആദ്യനിലയിലാണ് ഒന്നരവർഷമായി കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസ് പ്രവർത്തിക്കുന്നത്.

വായനമുറി ഉൾപ്പെടെ ലൈബ്രറി മുകൾനിലയിലേക്ക് മാറ്റിയിരിക്കുകയാണ്. സാംസ്കാരിക നിലയത്തിലെ ആദ്യനില ഭിന്നശേഷിക്കാർക്ക് കായികവിനോദത്തിനും വിശ്രമത്തിനും സൗകര്യമൊരുക്കുന്ന പദ്ധതികൾ ആവിഷ്കരിക്കാൻ പദ്ധതിയുണ്ട്. അതേസമയം, കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ ഓഫീസിനായി പുതിയ ഇടം കണ്ടെത്തേണ്ടതുണ്ട്. നഗരത്തിൽനിന്ന്‌ ഒരുകിലോമീറ്റർ അകലെ നിർദിഷ്ട കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയ്ക്കായി ഗ്രാമപ്പഞ്ചായത്ത് സ്ഥലംവാങ്ങി കെ.എസ്.ആർ.ടി.സി.ക്ക്‌ കൈമാറിയിട്ട് രണ്ടരവർഷമായെങ്കിലും ഡിപ്പോ നിർമാണനടപടികൾ എങ്ങുമെത്തിയില്ല. 45 ലക്ഷം രൂപ ചെലവിൽ പഞ്ചായത്ത് വിലയ്ക്കുവാങ്ങി കൈമാറിയ 1.75 ഏക്കർ സ്ഥലം അനാഥമായി കിടക്കുകയാണ്. പൊളിച്ചുമാറ്റിയ കംഫർട്ട് സ്റ്റേഷന്റെ സ്ഥാനത്ത് കടമുറി, കുടുംബശ്രീ ചന്ത എന്നിവയൊരുക്കും.

Related Articles

Leave a Reply

Back to top button