Thiruvambady

നഷ്ടപ്പെട്ട പണം തിരികെ നൽകി മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ

തിരുവമ്പാടി: അങ്ങാടിയിൽ കാർഷികോത്പന്നങ്ങൾ വിറ്റ് കെ.എസ്.ആർ.ടി.സി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കർഷകൻ സീറ്റിൽ മറന്ന് വെച്ച 1,65,000 രൂപ തിരികെ നൽകി മാതൃകയായി കെ.എസ്.ആർ.ടി.സി ജീവനക്കാർ. ആനക്കാംപൊയിൽ മംഗലശ്ശേരി മൊയ്തീന്റെ പണമാണ് ബസിൽ കളഞ്ഞുപോയത്. ചൊവ്വാഴ്ച വൈകുന്നേരം തിരുവമ്പാടി മുത്തപ്പൻപുഴ കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം. മുത്തപ്പൻപുഴയിൽ നിർത്തിയ ബസിൽനിന്ന്‌ ഇറങ്ങവെയാണ് പിറകിലെ സീറ്റിൽ നോട്ടുകെട്ടുകൾ കിടക്കുന്നത് കണ്ടക്ടർ ഓമശ്ശേരി സ്വദേശി പി മുരളീധരൻ, ഡ്രൈവർ ഗോതമ്പ്‌റോഡ് സ്വദേശി വി അൻസാർ എന്നിവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

സ്‌കൂൾ അവധിയായതിനാൽ യാത്രക്കാർ കുറവായിരുന്നു. മലയോര മേഖലയായതിനാൽ സ്ഥിരം യാത്രക്കാരായ ആരുടെയെങ്കിലും പണമായിരിക്കുമെന്ന നിഗമനത്തിൽ അന്വേഷണം തുടർന്നു. ഇതിനിടെയാണ് കളഞ്ഞുപോയ പണം അന്വേഷിച്ച് ഉടമ മുത്തപ്പൻപുഴയിലെത്തുന്നത്. യഥാർഥ ഉടമയെന്ന് ബോധ്യപ്പെട്ടതോടെ തുക തിരിച്ചേൽപ്പിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഓപ്പറേറ്റിങ് സെന്ററിന്റെ നേതൃത്വത്തിൽ ബസ് ജീവനക്കാരെ ആദരിച്ചു.

Related Articles

Leave a Reply

Back to top button