Kerala

കൊവിഡ് രോഗികളിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നുവെന്ന റിപ്പോർട്ട്; പരാതി പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് രോഗികളിൽ നിന്ന് സ്വകാര്യ ആശുപത്രി കൊള്ള ഫീസ് ഈടാക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ ഹൈക്കോടതി ഇടപെടൽ. ആശുപത്രികൾക്കെതിരായ പരാതി പരിശോധിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഐഎംഎ ഭാരവാഹികളോട് ആശുപത്രി സന്ദർശിക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തിൽ കളക്ടറും അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ‍ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ സ്വകാര്യ ആശുപത്രികൾ പിപിഇ കിറ്റിന്റെയടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപ ഈടാക്കുന്നുവെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാർ‍ത്ത. ആലുവ  അൻവർ മെമ്മോറിൽ ആശുപത്രി  ഒരു രോഗിയിൽ നിന്ന്  5 ദിവസത്തെ  PPE കിറ്റ് ഫീസായി വാങ്ങിയത്  37,350 രൂപയാണ്. വിഷയം  ഹൈക്കോടതി നാളെ  പരിഗണിക്കാനിരിക്കെയാണ്  കഴുത്തറപ്പൻ ഫീസിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്.

മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവയ്ക്ക് കൃത്യമായ ഫീസ് കാണിക്കേണ്ടിവരും. എന്നാൽ പിപിഇ കിറ്റ് എത്രതവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്‍റെ മറവിലാണ് ഈ കൊള്ള. 250 രൂപമുതൽ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. അതേസമയം കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ  ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button