Mukkam

മലയോരമേഖലയിൽ മഴ തുടരുന്നു; വ്യാപകനാശനഷ്ടം

മുക്കം : മലയോരമേഖലയിൽ കനത്തമഴ തുടരുന്നു. ഉച്ചയ്ക്കുശേഷം പെയ്യുന്ന ശക്തമായ മഴയിൽ വ്യാപകമായ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. പലസ്ഥലത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. മാമ്പറ്റ- വട്ടോളപ്പറമ്പ് റോഡിൽ രണ്ടാംദിവസവും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ റോഡരികിലെ മണ്ണ് നീക്കം ചെയ്താണ് വെള്ളം ഒഴുക്കിവിട്ടത്.

പല സ്ഥലത്തും വൈദുതിബന്ധം തകരാറിലായി. ശക്തമായ മഴവെള്ളത്തിൽ ചരൽക്കല്ലുകൾ ഒഴുകിയെത്തിയതിനെത്തുടർന്ന് ഇടവഴിയിലൂടെയുള്ള യാത്ര ദുഷ്കരമായി.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ മുത്താലം വാപ്പാഞ്ചേരി ഷിജിലയുടെ വീടിന്റെ ചുറ്റുമതിൽ തകർന്നു. 15 മീറ്റർ നീളത്തിലും രണ്ടുമീറ്റർ ഉയരത്തിലും ചെങ്കല്ലും സിമൻറ്ുകട്ടകൊണ്ടും നിർമിച്ച മതിലാണ് ഇടിഞ്ഞുവീണത്. മതിൽക്കെട്ട് തകർന്ന് കല്ലും ചെളിയും ഒഴുകിയെത്തി വീട്ടുപരിസരം വൃത്തികേടായി.

മുക്കം നഗരസഭയിലെ ഇരട്ടകുളങ്ങര പാലാട്ടുപറമ്പിൽ നന്ദിനിയുടെ കിണർ ഇടിഞ്ഞുതാഴ്ന്നു. പാലാട്ടുപറമ്പിൽ അമ്മാളുവിന്റെ വീടിന്റെ തറയോടുചേർന്ന് വലിയകുഴി രൂപപ്പെട്ടിട്ടുണ്ട്.

വർഷങ്ങളായി മതിൽത്തകർന്ന് അപകടാവസ്ഥയിലായ വീട് സംരക്ഷിക്കാൻ സഹായംതേടി വില്ലേജ് ഓഫീസിലും നഗരസഭയിലും കയറിയിറങ്ങിയെങ്കിലും തുടർനടപടി ഒന്നുംതന്നെ ഉണ്ടായില്ല. അതിനിടെയാണ് തറയോടുചേർന്ന് വലിയകുഴി രൂപപ്പെട്ടത്.

Related Articles

Leave a Reply

Back to top button