Kozhikode

‘ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല, പോരാടുക തന്നെ ചെയ്യും’; മാമുക്കോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നിരവധി പ്രമുഖ താരങ്ങള്‍ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും തലപോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്നുമാണ് മാമുക്കോയ പറഞ്ഞത്. കോഴിക്കോട് സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തില്‍ സംസാരിക്കവേയാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്.

‘നാടു മുഴുവന്‍ കുട്ടിച്ചോറാക്കിയിരിക്കുകയാണ്. സമ്പദ്‌വ്യവസ്ഥ താറുമാറായി. ആദ്യം ഇവര്‍ രാജ്യത്തെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും റെയില്‍വേ സ്‌റ്റേഷന്റെയൊക്കെ പേരുകള്‍ മാറ്റിയാണ് തുടങ്ങിയത്. സ്ഥലം ഒരുത്തന്റേയും കുത്തകയല്ല. ഇരുപത് കോടി ജനങ്ങളെ നിങ്ങള്‍ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ല.

ഒരു പേപ്പട്ടി കടിക്കാന്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് നമ്മള്‍ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യന്‍മാര്‍ ചെയ്യും. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതല്‍ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. സ്ഥലം ഒരുത്തന്റേയും കുത്തകയല്ല. തലപോകാന്‍ നില്‍ക്കുമ്പോള്‍ കൈയിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യും’ എന്നാണ് മാമുക്കോയ പറഞ്ഞത്.

Related Articles

Leave a Reply

Back to top button