Thiruvambady

തിരുവമ്പാടിയിൽ ശ്മശാനമൂകത

തിരുവമ്പാടി ∙ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് 10 വർഷത്തിനിടയിൽ രണ്ട് ഉദ്ഘാടനങ്ങൾ നടത്തി എങ്കിലും പൊതു ശ്മശാനം ഇപ്പോഴും ശിലാ ഫലകത്തിൽ മാത്രം. 2006ൽ ആണ് പഞ്ചായത്ത്  ഒറ്റപ്പൊയിലിൽ മാലിന്യ സംസ്കരണത്തിനു 2 ഏക്കർ സ്ഥലം വാങ്ങിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി വായ്പ നൽകിയ തുക കൊണ്ടാണ് ഇതിനു അഡ്വാൻസ് നൽകിയത്. ഇതിന്റെ ഒരു ഭാഗം പൊതുശ്മശാനത്തിനു നീക്കി വയ്ക്കാം എന്ന് അന്നത്തെ ഭരണസമിതി തീരുമാനിച്ചു. എന്നാൽ, പ്രവർത്തനങ്ങൾ ഒന്നും കാര്യമായി നടന്നില്ല. ഭരണത്തിന്റെ അവസാന ഘട്ടത്തിൽ ഈ സ്ഥലത്തിന്റെ ഒരു ഭാഗത്ത് ഒരു  കെട്ടിടം പണിയുകയും അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പൊതുശ്മശാനം ഉദ്ഘാടനം ചെയ്തതായി ഇതിൽ ശിലാഫലകം വയ്ക്കുകയും ചെയ്തു.എന്നാൽ പൊതുശ്മശാനം ഉണ്ടായില്ല.

പിന്നീട് വന്ന ഭരണസമിതി ഇതിനു വേണ്ടി ഒന്നും ചെയ്തില്ല. ഉദ്ഘാടനം ചെയ്ത പൊതുശ്മശാനത്തിന് വേണ്ടി ഇനി എന്തു ചെയ്യാനാണ് എന്നായിരുന്നു അവരുടെ ചോദ്യം. തിരുവമ്പാടിയിൽനിന്നു കോഴിക്കോട് പോയി പൊതുശ്മശാനത്തിൽ സംസ്കാരം നടത്തണമെങ്കിൽ ഏറെ സാമ്പത്തിക ചെലവും വരും. സ്വന്തമായി സ്ഥലം ഇല്ലാത്ത പലരും വീട് പൊളിച്ചും അടുക്കള പൊളിച്ചും സംസ്കാരം നടത്തി. ഇതിനും സൗകര്യം ഇല്ലാത്തവർ താഴെ തിരുവമ്പാടി റോഡരികിലെ പുറമ്പോക്കിൽ ശവസംസ്കാരം നടത്തി. എന്നാൽ ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം ആയതിനാൽ കർമങ്ങൾ നടത്താൻ പോലും സാധിച്ചിരുന്നില്ല. പലരും മാലിന്യങ്ങൾ തള്ളുന്നതും ഇവിടെയായിരുന്നു. 

   2015ലെ പഞ്ചായത്ത് ഭരണസമിതി വീണ്ടും ശ്മശാന പ്രശ്നം ഏറ്റെടുത്തു. ഗ്യാസ് ക്രിമറ്റോറിയം എന്ന ആശയം ആണ് മുന്നോട്ടു വച്ചത്. 

എന്നാൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ സാധിച്ചില്ല. ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.പഞ്ചായത്ത് വിവിധ പദ്ധതികളിൽ 27 ലക്ഷം രൂപ വകയിരുത്തി. ഭരണം തീരുന്നതിന് ഏതാനും ദിവസത്തിന് മുൻപ് പഞ്ചായത്ത്  ഗ്യാസ് ക്രിമറ്റോറിയം ശിലാഫലകം സ്ഥാപിക്കുകയും ചെയ്തു.പദ്ധതിക്ക് ഡി പി സിയുടെ അംഗീകാരം മാത്രമാണ് ലഭിച്ചത്.  എന്നാൽ കലക്ടറേറ്റിൽ നിന്ന് കിട്ടേണ്ട ലൈസൻസ് ഇതുവരെ ലഭിച്ചിട്ടില്ല. ജീവനക്കാരനെ നിയമിച്ചതുമില്ല.ജനറേറ്റർ,വാട്ടർ കണക്​ഷൻ എന്നിവ ഒക്കെ ഇനി ഉണ്ടാകണം.

 2005ലെ പഞ്ചായത്ത് ഭരണസമിതി 10 ലക്ഷം രൂപയോളം മുടക്കി രണ്ട് ഏക്കർ സ്ഥലം മാലിന്യ സംസ്കരണത്തിനു വേണ്ടി ഒറ്റപ്പൊയിലിൽ വാങ്ങി. ഈ സ്ഥലത്തിനു ചുറ്റുമതിൽ നിർമിക്കുകയും ഇതിന്റെ ഒരു ഭാഗം പൊതുശ്മശാനത്തിനു വേണ്ടി നീക്കി വയ്ക്കുകയും ചെയ്തു.3 ലക്ഷം രൂപ മുടക്കി ഇതിനു വേണ്ടി ഒരു കെട്ടിടവും ഉണ്ടാക്കി. എന്നാൽ പിന്നീട് വന്ന ഭരണ സമിതി ഒന്നും ചെയ്തില്ല.

∙ജോളി ജോസഫ്

മുൻ പഞ്ചായത്ത് പ്രസിഡന്റ് 

ശുചിത്വ മിഷൻ ഫണ്ടും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടും  ഉൾപ്പെടെ 47 ലക്ഷം രൂപ ഗ്യാസ് ക്രിമറ്റോറിയത്തിനു പഞ്ചായത്ത് അനുവദിച്ചിരുന്നു .കെട്ടിടത്തിന്റെ പണിയും ഇൻസ്റ്റലേഷനും നടത്തിയത് സിൽക് ആണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു കൊണ്ട് ജീവനക്കാരനെ നിയമിക്കാൻ കഴിഞ്ഞില്ല. ജനറേറ്റർ സ്ഥാപിക്കാനും ഉണ്ട്. ജല അതോറിറ്റി കണക്​ഷൻ ഉണ്ടെങ്കിലും  വെള്ളം എത്തുന്നില്ല. ഇതിനു നടപടി ഉണ്ടാകണം.ഈ പ്രവർത്തനങ്ങൾ കൂടി നടത്തിയാലേ ഗ്യാസ് ക്രിമറ്റോറിയത്തിനു ലൈസൻസ് ലഭിക്കു. 

∙പി.ടി.അഗസ്റ്റിൻ 

മുൻ പഞ്ചായത്ത് പ്രസിഡന്റ്

മുൻ പഞ്ചായത്ത് ഭരണ സമിതി ഉദ്ഘാടനം ചെയ്ത ഗ്യാസ് ക്രിമറ്റോറിയം പ്രാവർത്തികമാക്കാൻ നടപടികൾ സ്വീകരിക്കും.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ പദ്ധതി യാഥാർഥ്യമാകു.  ജനറേറ്റർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.വെള്ളത്തിന് കുഴൽ കിണറോ ബദൽ മാർഗങ്ങളോ  സ്വീകരിക്കും.ജനറേറ്റർ സ്ഥാപിക്കാൻ സിൽക്കിനെ സമീപിക്കും. ഇത് നടക്കുന്നില്ലെങ്കിൽ ടെൻഡർ ചെയ്യും.ജീവനക്കാരനെ നിയമിക്കാനുള്ള നടപടികൾ പൂർത്തീകരിക്കും .ഇനി 10 ലക്ഷം രൂപയോളം ഇതിനു വേണ്ടി ചെലവിടേണ്ടി വരും.

∙മേഴ്സി പുളിക്കാട്ട് 

തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്

Related Articles

Leave a Reply

Back to top button