Koduvally

കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ; ആവലാതിയുമായി തെരുവോര കച്ചവടക്കാരും

കൊടുവള്ളി : കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരികൾ. എന്നാൽ കുടുംബം പുലർത്താൻ മറ്റുവഴികളില്ലെന്ന ആവലാതിയുമായി തെരുവോര കച്ചവടക്കാരും. വ്യാപാര പ്രതിസന്ധി രൂക്ഷമായ കോവിഡ് കാലത്തുപോലും വിവിധയിനം ലൈസെൻസുകളും നികുതികളും നൽകി കച്ചവടം നടത്തുന്നവർക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് അങ്ങാടികളിലും ദേശീയ പാതയോരത്തും നടക്കുന്ന തെരുവ് വാണിഭമെന്നാണ് വ്യാപാരികളുടെ നിലപാട്.

പലപ്പോഴും കടകളിലേക്കുള്ള വഴിപോലും തടസ്സപ്പെടുത്തിക്കൊണ്ടാണ് തെരുവുകച്ചവടം നടത്തുന്നതെന്നും ഇവർ ആരോപിക്കുന്നു. തുണിത്തരം, ചെരിപ്പ്, പ്ലാസ്റ്റിക് സാധനം, പാത്രങ്ങൾ, ഫർണിച്ചർ, റെഡിമെയ്ഡ് വസ്ത്രം, പഴവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം കോവിഡ് മാനദണ്ഡമൊന്നും പാലിക്കാതെയാണ് തെരുവുകച്ചവടക്കാർ വിപണനം നടത്തുന്നതെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.

ഭക്ഷ്യവകുപ്പിന്റെ മാർഗനിർദേശം പാലിക്കാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പലപ്പോഴും വഴിയോര കച്ചവടം പൊടിപൊടിക്കുന്നത്.

ജൈവ, അജൈവ മാലിന്യം റോഡരികിൽ ഉപേക്ഷിച്ചുപോകുന്നതും വഴിമുടക്കിയുള്ള ഫുട്പാത്ത് കച്ചവടവും ബുദ്ധിമുട്ടുണ്ടാക്കുന്നു.

കൊടുവള്ളി നഗരസഭയിലെ 36 ഡിവിഷനുകളിൽ ലോട്ടറി, ചെരിപ്പുകുത്തൽ എന്നിവയ്ക്ക് 19 പേർക്കുമാത്രമാണ് തെരുവോര വിൽപന നടത്താൻ അനുമതി നൽകിയിട്ടുള്ളത്. ഇവർക്ക് ടൗണിൽനിന്ന് മാറി പ്രത്യേക സ്ഥലംനിശ്ചയിച്ചുകൊടുത്തിട്ടുമുണ്ട്. എന്നാൽ, ഈ രീതിയിലല്ലാതെ വാഹനങ്ങളിലും ഗുഡ്സ് ഓട്ടോകളിലും മറ്റും അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും വഴിവിൽപ്പന നിർബാധം നടക്കുന്നുണ്ട്. ഇതിനെതിരേ പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്.

എന്നാൽ, മറ്റു ജീവിതമാർഗങ്ങളില്ലാത്തതിനാൽ ഓരോ ദിവസത്തെയും അന്നത്തിന് വക കണ്ടെത്തുന്നതിനാണ്‌ തെരുവിൽ കച്ചവടത്തിനിറങ്ങുന്നതെന്നാണ്‌ തെരുവ് കച്ചവടക്കാർ പറയുന്നത്.

കൊടുവള്ളി അങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടത്തിനെതിരേ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊടുവള്ളി യൂണിറ്റ് കമ്മിറ്റി കൊടുവള്ളി നഗരസഭ ചെയർമാൻ, നഗരസഭ സെക്രട്ടറി, ആരോഗ്യവിഭാഗം എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Back to top button