Kozhikode

കൊടുവള്ളി നഗരസഭാ പരിധിയിൽ ഒന്നരമാസമായി ശുദ്ധജലവിതരണം നിലച്ചതായി പരാതി

കൊടുവള്ളി : ജലഅതോറിറ്റിയുടെ ശുദ്ധജലവിതരണം നിലച്ചിട്ട് ഒന്നരമാസത്തോളമായതായി പരാതി. കൊടുവള്ളി നഗരസഭാ പരിധിയിൽ ചോലയിൽ, പാലക്കുറ്റി ഭാഗങ്ങളിലെ അൻപതോളം കുടുംബങ്ങളാണ് വെള്ളംലഭിക്കാതെ പ്രയാസപ്പെടുന്നത്. കുടിവെള്ളവിതരണം നിലച്ച കാര്യം പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടു.

വീടുകളിലെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നതിനാൽ ജലഅതോറിറ്റിയുടെ ജലവിതരണത്തെ ആശ്രയിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കരീറ്റിപ്പറമ്പ് കാപ്പുമലയിൽ സ്ഥാപിച്ച ജലസംഭരണിയിൽനിന്നാണ് കൊടുവള്ളിയിലെ വിവിധ സ്ഥലങ്ങളിലേക്ക് കുടിവെള്ളം വിതരണംചെയ്യുന്നത്. ചെറുപുഴയിൽ വെള്ളം കുറഞ്ഞതുമൂലം ആവശ്യത്തിന് വെള്ളം പമ്പുചെയ്യാൻ സാധിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. വേനൽആരംഭിച്ചതോടെ വെള്ളത്തിന്റെ ഉപയോഗംകൂടിയതും പുഴയിൽ തടയണനിർമിക്കാൻ വൈകിയതും വിതരണത്തെ ബാധിച്ചിട്ടുണ്ട്.

റോഡ്നവീകരണത്തിന്റെ ഭാഗമായി പൈപ്പ്‌ലൈനിൽ വിവിയിടങ്ങളിൽ പൊട്ടൽസംഭവിച്ചിട്ടുണ്ട്. ഇതിന്റെ അറ്റകുറ്റപ്പണികൾ ഏറെക്കുറെ പൂർത്തിയായി. പൈപ്പ്‌ലൈനിലെ ബ്ലോക്ക്‌ കണ്ടെത്തി പരിഹരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ മുടങ്ങിയ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജലഅതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ വി.കെ. സത്യൻ പറഞ്ഞു.

Related Articles

Leave a Reply

Back to top button