Thiruvambady

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കഴിഞ്ഞതോടെ, ഫലപ്രഖ്യാപന ദിവസത്തിലേക്കുള്ള കൗണ്ട് ഡൗൺ തുടങ്ങി

മുക്കം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് കഴിഞ്ഞതോടെ, ഫലപ്രഖ്യാപന ദിവസത്തിലേക്കുള്ള കൗണ്ട് ഡൗണിലാണ് മുന്നണികൾ. കൂട്ടിയും കിഴിച്ചും വിജയപ്രതീക്ഷകൾ പങ്കുവെക്കുമ്പോഴും അടിയൊഴുക്കുകൾ നടന്നേക്കാമെന്ന ആശങ്കയിലാണ് നേതാക്കൾ. അടിയൊഴുക്കുകൾ നടന്നില്ലെങ്കിൽ വിജയം ഉറപ്പാണെന്ന് മൂന്ന് മുന്നണികളും ആവർത്തിച്ച് പറയുന്നു.

അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇടതുമുന്നണി സ്ഥാനാർഥി ലിൻറ്റോ ജോസഫ് ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ തവണ 3008 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജോർജ് എം. തോമസ് വിജയിച്ച മണ്ഡലത്തിൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനവും ഇടതുപക്ഷ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വിജയത്തിന് അടിത്തറയാകുമെന്ന് ഇടത് നേതാക്കൾ പറയുന്നു. മണ്ഡലത്തിൽ എൽ.ഡി.എഫിന് അനുകൂലമായ സ്ഥിതിയാണ് നിലനിന്നതെന്നും മുസ്‌ലിം ലീഗ് സ്ഥാനാർഥിയെ നിർത്തിയതിൽ യു.ഡി.എഫിലെ ഒരുവിഭാഗം ആളുകൾക്കിടയിൽ വലിയ അമർഷം ഉണ്ടായിരുന്നെന്നും ഇവർ എൽ.ഡി.എഫിന് വോട്ട് ചെയ്തതായും എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ പറഞ്ഞു. മികച്ച സ്ഥാനാർഥിയെയാണ് എൽ.ഡി.എഫ്. രംഗത്തിറക്കിയതെന്നും പിണറായി സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ ഇഷ്ടപ്പെട്ട് തുടർഭരണം ആഗ്രഹിക്കുന്ന വലിയ വിഭാഗം ആളുകൾ എൽ.ഡി.എഫിനെ പിന്തുണച്ചെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ ഇടതുമുന്നണിയോടൊപ്പമായിരുന്ന വെൽഫെയർ പാർട്ടിക്ക് അയ്യായിരത്തോളം വോട്ടുകൾ ഉണ്ടെന്നാണ് വെൽഫെയർ പാർട്ടി നേതൃത്വത്തിന്റെ അവകാശവാദം. ഇതിൽ ഒരു വിഭാഗത്തിന് സി.പി. ചെറിയ മുഹമ്മദിന്റെ സ്ഥാനാർഥിത്വത്തിനോട് എതിർപ്പുണ്ടായിരുന്നെന്നും അഞ്ഞൂറോളം വോട്ടുകൾ എൽ.ഡി.എഫിന് ലഭിക്കുമെന്നും എൽ.ഡി.എഫ്. കണക്കുകൂട്ടുന്നു. വെൽഫെയർ പാർട്ടിയിലൂടെ യു.ഡി.എഫിന് ലഭിക്കുന്ന ലീഡ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെയും എൽ.ജെ.ഡിയുടെയും പിന്തുണയോടെ മറികടക്കാനാകുമെന്നും എൽ.ഡി.എഫ്. വിലയിരുത്തുന്നു. കൊടിയത്തൂർ പഞ്ചായത്തിൽ സി.പി. ചെറിയ മുഹമ്മദിന് ലഭിക്കുന്ന ലീഡ് കൂടരഞ്ഞിൽ ലിൻറ്റോയ്ക്ക് ലഭിക്കുന്ന പിന്തുണയിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് നേതൃത്വം.

അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി .ചെറിയ മുഹമ്മദ് വിജയിക്കുമെന്ന ആത്മവിശ്വാസമാണ് യു.ഡി.എഫ്. നേതാക്കൾ പങ്കുവെക്കുന്നത്. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് യു.ഡി.എഫ്. വിജയിക്കുമെന്ന് തിരുവമ്പാടി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സി. കാസിം പറഞ്ഞു.

എസ്.ഡി.പി.ഐയുടെയും വെൽഫെയർ പാർട്ടിയുടെയും പിന്തുണയും ഇടതുമുന്നണിയിലെ സ്ഥാനാർഥി നിർണയത്തിലെ അപാകതയും തങ്ങൾക്ക് അനുകൂല ഘടകമായെന്ന് നേതാക്കൾ പറയുന്നു. മണ്ഡലത്തിലെ ജനങ്ങൾ ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം ആഗ്രഹിക്കുന്നില്ലെന്നും പിണറായി സർക്കാർ സ്വീകരിച്ച കർഷകവിരുദ്ധ നയങ്ങൾക്കെതിരേ മണ്ഡലത്തിലെ കർഷകർക്കിടയിൽ വലിയ പ്രതിഷേധമാണ് നിലനിന്നിരുന്നതെന്നും കർഷകരുടെ വോട്ടുകൾ യു.ഡി.എഫിന്റെ സാധ്യത വർധിപ്പിച്ചെന്നും സി.കെ. കാസിം പറഞ്ഞു.

വലിയതോതിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണവും മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും വിധി എൻ.ഡി.എയ്ക്ക് അനുകൂലമാക്കുമെന്ന് നേതാക്കൾ പറഞ്ഞു.

കഴിഞ്ഞതവണ ബി.ഡി.ജെ.എസ്. മത്സരിച്ചിരുന്ന സീറ്റിൽ ഇത്തവണ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിക്കാനായതും എൻ.ഡി.എ. നേട്ടമായി കാണുന്നു. മാർക്സിസ്റ്റ് പാർട്ടിയിലെ ഗ്രൂപ്പിസവും തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായതായും രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലത്തിൽ എൻ.ഡി.എ. വിജയിക്കുമെന്നും സ്ഥാനാർഥി ബേബി അമ്പാട്ട് പറഞ്ഞു.

Related Articles

Leave a Reply

Back to top button