Karassery

ഇരുവഴിഞ്ഞി പുഴയിൽ നീർനായ ആക്രമണത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്ക്

കാരശ്ശേരി : ഇരുവഴിഞ്ഞി പുഴയിൽ വീണ്ടും നീർനായ അക്രമണം. നീർനായയുടെ ആക്രമണത്തിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കേറ്റു.
നോർത്ത് കാരശ്ശേരി സ്വദേശികളായ വൈ പി ഷറഫുദ്ദീൻറെ മകൻ മുഹമ്മദ് സിനാൻ (12), കൊളോറമ്മൽ മുജീബിൻറെ മകൻ ഷാൻ (13) എന്നിവർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. രണ്ടുപേരുടെയും കാലിനാണ് പരിക്ക്. കാരശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളെയാണ് നീർനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുമ്പും പുഴയിൽ നീർനായയുടെ ആക്രമണം ഉണ്ടായിരുന്നു. കഴിഞ്ഞ മാസം നിരവധിപേർക്കാണ് നീർനായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

അടിക്കടിയുണ്ടാവുന്ന ആക്രമണം പുഴയോരത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നീർനായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുവഴിഞ്ഞി പുഴയിലെ നീർനായ്ക്കളുടെ ആക്രമണ സ്വഭാവം ആവാസ വ്യവസ്ഥയിലുണ്ടായ മാറ്റമാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. സാധാരണ നീർനായ്ക്കൾ വ്യാപകമായ ആക്രമണം നടത്താറില്ല. ചൂടുകുടുന്നതും മത്സ്യ സമ്പത്ത് കുറയുന്നതും ഇവരെ ആക്രമണകാരികളാക്കുകയാണ്. ആഗസ്റ്റ് മാസം മുതൽ ഡിസംബർ മാസം വരെയാണ് നീർനായ്ക്കളുടെ പ്രജനനകാലം.

Related Articles

Leave a Reply

Back to top button