Mukkam

മുക്കം നഗരസഭയിൽ പൊതുശ്മശാനമില്ല: മൃതദേഹവുമായി ‘നീണ്ട യാത്ര

മുക്കം: നഗരസഭാ പദവിയിലേക്ക് ഉയർന്ന്, അഞ്ചുവർഷം പിന്നിട്ടിട്ടും മുക്കത്ത് പൊതുശ്മശാനം ഒരുക്കാനാകാതെ നഗരസഭാധികൃതർ. 2007-ൽ പൊതുശ്മശാനത്തിനായി ണാശ്ശേരിയിൽ വാങ്ങിയ സ്ഥലത്ത് ലൈഫ് ഭവനസമുച്ചയത്തിന് ഭരണാനുമതി ലഭിച്ചതോടെ പൊതുശ്മശാനത്തിന് നഗരസഭാവാസികൾ ഇനിയും കാത്തിരിക്കണം. ഇതോടെ, മൃതദേഹം സംസ്കരിക്കാൻ 30 കിലോമീറ്റർ അകലെയുള്ള കോഴിക്കോട്ടെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നഗരസഭാ വാസികൾ.

മുക്കം ഗ്രാമപ്പഞ്ചായത്തായിരുന്ന കാലത്ത് 2007-ലാണ്, ശ്മശാനം നിർമിക്കാൻ മണാശ്ശേരിയിൽ 52 സെന്റ് സ്ഥലം വാങ്ങിയത്. പൊതുശ്മശാനം നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചെങ്കിലും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് അധികൃതർ പിന്മാറുകയായിരുന്നു.

എസ്.സി., എസ്.ടി. കോളനികൾ ഉൾപ്പെടെ 44 കോളനികളാണ് മുക്കം നഗരസഭയിൽ മാത്രമുള്ളത്. മൂന്ന്-നാല് സെന്റ് സ്ഥലംമാത്രമുള്ള ഇവരിൽ ഭൂരിഭാഗം കൂലിപ്പണിക്കാരാണ്. ഉറ്റവർ മരണപ്പെട്ടാൽ മൃതദേഹം സംസ്കരിക്കാൻ കോഴിക്കോട്ടെ ശ്മശാനത്തിലെത്തിക്കണം. ആയിരം രൂപയാണ് മുക്കത്തുനിന്ന് കോഴിക്കോട്ടേക്ക് ആംബുലൻസ് ഡ്രൈവർമാർ ഈടാക്കുന്നത്. ആംബുലൻസ് വാടകമാത്രം നൽകിയാൽ പോരാ, അന്ത്യകർമങ്ങൾ ചെയ്യാനുള്ളവരെ ശ്മശാനത്തിലെത്തിക്കണമെങ്കിൽ വേറെ വാഹനങ്ങളും കണ്ടെത്തണം.

കോഴിക്കോട്ടെ ആശുപത്രിയിൽവെച്ചാണ് രോഗി മരിക്കുന്നതെങ്കിൽ വാഹനവാടക ഇരട്ടിയാകും. മൃതദേഹം ആശുപത്രിയിൽനിന്ന് വീട്ടിലെത്തിച്ച്, പൊതുദർശനത്തിനുശേഷം കോഴിക്കോട്ടെ ശ്മശാനത്തിലെത്തിക്കാൻ 1500 മുതൽ 1800 രൂപ വരെയാണ് ആംബുലൻസ് ഡ്രൈവർമാർ ഈടാക്കുന്നത്.

കോവിഡ് ബാധിച്ച് മരിച്ച മുക്കം നഗരസഭാ വാസിയായ വയോധികയുടെ മൃതദേഹം കാരശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ശ്മശാനത്തിൽ സംസ്കരിക്കുന്നതിന് പഞ്ചായത്തധികൃതർ വിസമ്മതിച്ചത് ഏറെ വിവാദമായിരുന്നു. മൃതദേഹവുമായി രണ്ടു മണിക്കൂറോളം കാരശ്ശേരിയിലെ ശ്മശാനപരിസരത്ത് കാത്തുനിന്ന ബന്ധുക്കൾ ഒടുവിൽ കോഴിക്കോട്ടെ ശ്മശാനത്തിലെത്തിച്ചാണ് അന്ത്യകർമങ്ങൾ ചെയ്തത്.

Related Articles

Leave a Reply

Back to top button