Mukkam

മുക്കം നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി കോടതി തടഞ്ഞു

മുക്കം: നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സംസ്ഥാന പാതയോരത്ത് അഗസ്ത്യൻമൂഴി മിനി സിവിൽ സ്റ്റേഷനു സമീപം ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വഴിയോര വിശ്രമ കേന്ദ്രം നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ കുടുംബം നൽകിയ പരാതിയെ തുടർന്നാണ് കോടതി നടപടി.

സൗകര്യമില്ലാത്ത സ്ഥലത്തും കുടുംബത്തിന്റെ വഴി തടസ്സപ്പെടുത്തിയും വഴിയോര വിശ്രമ കേന്ദ്രം നിർമിക്കുന്നതിനെതിരെയായിരുന്നു പരാതി. സൗകര്യമുള്ള മറ്റൊരിടത്ത് വിശ്രമ കേന്ദ്രം നി‍ർമിക്കാമെന്ന നിർദേശത്തോടെയാണ് സ്റ്റേ ഉത്തരവ് നൽകിയിട്ടുള്ളത്. വിശ്രമ കേന്ദ്രം നിർമിക്കാമെന്ന കലക്ടറുടെ ഉത്തരവും കോടതി റദ്ദാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വിശ്രമ കേന്ദ്രം നിർമിക്കാൻ നടപടി തുടങ്ങിയത്. പരതയി‍ൽ ശ്രീജയൻ, രജനി, ബിന്ദു എന്നിവരുടെ വഴി തടസ്സപ്പെടുത്തിയാണ് നി‍ർമാണമെന്നായിരുന്നു പരാതി. നഗരസഭ സെക്രട്ടറി മരാമത്ത് വകുപ്പ് അധികൃതർ, കലക്ടർ എന്നിവർക്ക് കെട്ടിട നിർമാണത്തിനെതിരെ പരാതി നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലായിരുന്നു കോടതിയെ സമീപിച്ചത്.

ഭരണ സ്വാധീനം ഉപയോഗിച്ച് കലക്ടർക്ക് തെറ്റായ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിട നിർമാണത്തിന് അനുമതി നൽകിയിരുന്നതെന്നു കോൺഗ്രസ് നേതാക്കളായ മുൻ കൗൺസിലർ ടി.ടി.സുലൈമാൻ, മുക്കം സഹകരണ ബാങ്ക് ഡയറക്ടർ ഒ.കെ.ബൈജു പ്രഭാകരൻ മുക്കം എന്നിവർ ആരോപിച്ചു. വഴിയോര വിശ്രമ കേന്ദ്രം നിർമിക്കാൻ നഗരസഭ കണ്ടെത്തിയ സ്ഥലവും നേതാക്കൾ സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button