ഇന്ത്യയിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം; കെ.സി. വേണുഗോപാൽ

മുക്കം : ഇന്ത്യയിൽ കോൺഗ്രസിനനുകൂലമായ രാഷ്ട്രീയസാഹചര്യമാണെന്നും പ്രിയങ്ക എത്തുന്നതോടെ ഇന്ത്യ മുന്നണി കൂടുതൽ കരുത്താർജിക്കുമെന്നും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്ക് രാഹുൽഗാന്ധിയേക്കാൾ ഭൂരിപക്ഷം ലഭിക്കുമെന്നും പ്രിയങ്ക ഉടനെ മണ്ഡലത്തിൽ പര്യടനത്തിനെത്തുമെന്നും കെ.സി. പറഞ്ഞു. വയനാട് പാർലമെന്റ് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെഭാഗമായി മുക്കത്ത് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് മണ്ഡലത്തിലുൾപ്പെടുന്ന തിരുവമ്പാടി, വണ്ടൂർ, ഏറനാട്, നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത പരിപാടിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് രൂപംനൽകി. നാല് നിയോജകമണ്ഡലങ്ങളിലെയും കെ.പി.സി.സി. അംഗങ്ങൾ, ഡി.സി.സി. ഭാരവാഹികൾ ബ്ലോക്ക് പ്രസിഡൻറുമാർ, മണ്ഡലം പ്രസിഡൻറുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
മുക്കം ഇന്ദ്രപ്രസ്ഥ ഹോട്ടലിൽ നടന്നപരിപാടിയിൽ എ.പി. അനിൽകുമാർ എം.എൽ.എ., കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, ഡി.സി.സി. പ്രസിഡന്റുമാരായ കെ. പ്രവീൺ കുമാർ, വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. സുഫിയാൻ, നിയോജകമണ്ഡലം യു.ഡി.എഫ്. കൺവീനർ കെ.ടി. മൻസൂർ എന്നിവർ പങ്കെടുത്തു.







