തൊണ്ടിമ്മൽ ഗവ. എൽ.പി സ്കൂളിൽ വാർത്താ വിനിമയോപാധികളുടെ പ്രദർശനം നടത്തി
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ. എൽ.പി സ്കൂളിൽ എസ്.എസ്.കെയുടെ ‘ഇല’ പ്രൊജക്റ്റിന്റെ ഭാഗമായി ‘കാതോരം – കണ്ണോരം’ എന്ന പേരിൽ വിനിമയോപാധികളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനം വാർഡ് മെംബർ എ.പി ബീനയുടെ അധ്യക്ഷതയിൽ കുന്ദമംഗലം ബി.ആർ.സി ട്രെയിനർ കെ.സി ഹാഷിദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുരേഷ് തൂലിക, ഹെഡ്മാസ്റ്റർ കെ അഹമ്മദ് ഷാഫി, എസ്.ആർ.ജി കൺവീനർ പി സ്മിന തുടങ്ങിയവർ സംസാരിച്ചു. കെ ശോഭന, സുഷമ ബിനോയ്, വി ഐശ്വര്യ, ബീന എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകി.
പഴയകാല ടെലിഫോൺ മുതൽ സ്മാർട്ട്ഫോൺ വരെയും, പഴയകാല കമ്പ്യൂട്ടർ മുതൽ ടാബ്ലെറ്റ് വരെയും, റേഡിയോകൾ, ടേപ്പ് റിക്കോർഡറുകൾ, വിവിധ ഭാഷാ പത്രങ്ങൾ, ഗ്രാമഫോൺ, സി.ഡികൾ, കാസറ്റുകൾ, താളിയോലകൾ, പഴയകാല കത്തുകൾ തുടങ്ങി വാർത്താ വിനിമയോപാധികളുടെ പരാതനവും ആധുനികവുമായ ശേഖരണം കുട്ടികളിൽ കൗതുകമുളവാക്കി. രക്ഷിതാക്കളും നാട്ടുകാരും പ്രദർശനം സന്ദർശിച്ചു.