Koodaranji

കൂടരഞ്ഞിയിൽ പന്നിഫാമുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന

കൂടരഞ്ഞി: പന്നിഫാമുകളിൽ നിന്നുളള അവശിഷ്ടം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കിവിടുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പരിശോധന നടത്തി. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ ഭാഗത്തെ പന്നിഫാമുകളിൽ നിന്നുള്ള മാലിന്യമാണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന തോടുകളിലേക്ക് ഒഴുക്കിവിടുന്നത്.

നാട്ടുകാരുടെ പരാതിയിൽ ആരോഗ്യവകുപ്പ് അധികതർ നടത്തിയ പരിശോധനയിൽ ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഫാമുകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഫാമുകളിൽനിന്നുള്ള അവശിഷ്ടവും മലിനജലവും പരിസരങ്ങളിൽ പുറന്തള്ളുകയാണ് ചെയ്യുന്നത്. ഫാമിൽ നിന്നുള്ള മലിനജലം നേരിട്ട് തോട്ടിലേക്ക് ഒഴുക്കുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു.

കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജിന്റെ നേതൃത്വത്തിൽ നടന്ന മിന്നൽ പരിശോധനയിൽ ജെ.എച്ച്.ഐമാരായ ജെസ്റ്റി ജി ജോസ്, പി ആദിഷ് എന്നിവർ പങ്കെടുത്തു. പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട ഫാമുടമയ്ക്കെതിരേ നിയമനടപടി ആരംഭിച്ചതായി ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. മതിയായ രേഖകളില്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന ഫാമുകൾക്കുനേരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയ അറിയിച്ചു.

Related Articles

Leave a Reply

Back to top button