കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം

കോടഞ്ചേരി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിച്ചു. ഇ-ഹെൽത്ത് സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ സ്ഥാപനത്തിൽ നിന്നുള്ള ചികിത്സാ സംവിധാനം പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യപ്പെടും. മാത്രമല്ല, ഇ-ഹെൽത്ത് സർവറിൽ സൂക്ഷിക്കുന്ന ചികിത്സാ രേഖകൾ ഇതര സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വരാവുന്ന തുടർ ചികിത്സയ്ക്ക് സഹായകരമായി തീരും. ഓരോ രോഗിയും ഇവിടെ രജിസ്റ്റർ ചെയ്യപ്പെടുമ്പോൾ ലഭിക്കുന്ന പ്രത്യേക ഏകീകൃത തിരിച്ചറിയൽ നമ്പരിലൂടെയാകും ഭാവിയിൽ ഏതൊരു സർക്കാർ സ്ഥാപനത്തിലും പരിശേധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതും പ്രവേശനം നേടുന്നതും ചികിത്സ തേടുന്നതും. ഒരു തവണ ഈ ഏകീകൃത നമ്പർ കാർഡ് വാങ്ങിയവർ ആരോഗ്യ കേന്ദ്രത്തിലെ സ്കാനിംഗിലൂടെ ടോക്കൺ വാങ്ങി തുടർ നടപടിയിലേക്കു നീങ്ങി പ്രാഥമിക പരിശോധന, മെഡിക്കൽ ഓഫീസർ പരിശോധന, ലാബ് / നഴ്സിംഗ് റൂം സേവനങ്ങൾ എന്നിവ പൂർത്തീകരിച്ച് ഫാർമസിയിൽ നിന്നും മരുന്ന് വാങ്ങി ഇറങ്ങുമ്പോൾ മാത്രമാണ് ഒരു പേപ്പർ പ്രിന്റ് കൈയ്യിൽ ലഭിക്കുക. ഇതിലൂടെ സമയം ലാഭിക്കുന്ന തിനും മുൻഗണനാ ക്രമം ഉറപ്പാക്കുന്നതിനും സാധിക്കും.
ഇ-ഹെൽത്ത് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ.തസ്നി മുഹമ്മദ്, ഇ-ഹെൽത്ത് ജില്ലാ നോഡൽ ഓഫീസർ ഡോ.പി.പി പ്രമോദ് കുമാർ, ഭരണ സമിതി അംഗങ്ങളായ സിബി ചിരണ്ടായത്ത്, വാസുദേവൻ ഞാറ്റുകാലായിൽ, ലിസി ചാക്കോ, ബിന്ദു ജോർജ്, റോസമ്മ തോമസ് കയത്തുങ്കൽ, റീനാ സാബു തുടങ്ങിയവർ സംസാരിച്ചു.