Mukkam

കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് എൻ.ഐ.ടിയുടെ മാസ്റ്റർ പ്ലാൻ

മുക്കം: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റർപ്ലാൻ എൻ.ഐ.ടി ആർക്കിടെക്ചർ വിഭാഗം തയ്യാറാക്കും. ഇതിനായുള്ള ധാരണാപത്രത്തിൽ എൻ.ഐ.ടിയും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തും വ്യാഴാഴ്ച ഒപ്പുവെച്ചു. കോടഞ്ചേരിയിലുള്ള ആരോഗ്യ കേന്ദ്രത്തിന്റെ ഭൂഘടനയും മണ്ണിന്റെ സ്വഭാവവും വിശകലനം ചെയ്തതിനു ശേഷമാണ് ആർക്കിടെക്‌ചർ വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലുള്ള സംഘം മാസ്റ്റർപ്ലാൻ തയ്യാറാക്കുക. കുടുംബാരോഗ്യകേന്ദ്രത്തെ കിടത്തിച്ചികിത്സയുള്ള ആശുപത്രിയായി വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഭാവിവികസനം ലക്ഷ്യമിട്ടാവും പ്ലാൻ തയ്യാറാക്കുകയെന്ന് എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ അറിയിച്ചു.

50 വർഷംമുൻപ് നിർമിച്ച കെട്ടിടത്തിലാണ് ഇപ്പോൾ ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതുകാരണമുള്ള പരിമിതികൾ ഏറെയാണ്. പഞ്ചായത്തിലെ 16 പട്ടികവർഗ ഊരുകളിൽനിന്നും 12ഓളം പട്ടികജാതി ഊരുകളിൽ നിന്നുമുള്ള രോഗികൾ ചികിത്സ തേടിയെത്തുന്നത് ഈ ആശുപത്രിയിലാണ്. ദിവസവും 500 മുതൽ 800 വരെ രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്. കോടഞ്ചേരി നിവാസികൾക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ധാരണാപത്രത്തിലൂടെയും മാസ്റ്റർപ്ലാനിലൂടെയും ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് ഡിവിഷൻ അംഗം റോയ് കുന്നപ്പള്ളി പറഞ്ഞു. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗം അസി. പ്രൊഫസർമാരായ ഡോ.ഷൈനി അനിൽകുമാർ, ഡോ.സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നത്.

Related Articles

Leave a Reply

Back to top button