Kodiyathur
കൊടിയത്തൂർ തെയ്യത്തുംകടവിൽ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി

കൊടിയത്തൂർ : കൊടിയത്തൂർ തെയ്യത്തുംകടവിൽ റഫീഖ് കുറ്റ്യോട്ടിന്റെ വീട്ടുവളപ്പിലെ കോഴിക്കൂട്ടിൽനിന്നും പെരുമ്പാമ്പിനെ പിടികൂടി. പുലർച്ചെ കോഴിയുടെ ബഹളം കേട്ട വീട്ടുകാരാണ് കോഴിക്കൂട്ടിൽ ഏകദേശം ഏഴടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്.
കൂട്ടിലുണ്ടായിരുന്ന നാല് കോഴികളിൽ ഒന്നിനെ വിഴുങ്ങിയ നിലയിലായിരുന്നു. വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ല റാപിഡ് റെസ്‌പോൺസ് ടീം അംഗവും(ആർആർടി) താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥനുമായ കരീം മുക്കം ആണ് പെരുമ്പാമ്പിനെ പിടികൂടിയത്.
ഇതാദ്യമായാണ് ഈ പ്രദേശത്ത് ഇത്രയും വലിപ്പത്തിലുള്ള വലിപ്പമുള്ള പെരുമ്പാമ്പിനെ പിടികൂടുന്നത്. പാമ്പിനെ കാണാൻ അയൽവാസികളും നാട്ടുകാരുമായി വൻ ജനാവലി തടിച്ചു കൂടിയിരുന്നു. പുഴയോരമായതിനാൽ മലയിൽ നിന്നും ഒഴുക്കിൽപെട്ട് എത്തിയതാവാമെന്ന് കരുതുന്നു.