Mukkam

നവീകരിച്ചിട്ട് 1 വർഷം; പൊളിഞ്ഞ് തുടങ്ങി കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡ്

മുക്കം: കിലോമീറ്ററിന് 1 കോടി രൂപ ചിലവിൽ നവീകരിച്ച റോഡ് 1 വർഷം കൊണ്ട് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. കേന്ദ്ര റോഡ് ഫണ്ടിൽ (സി.ആർ.എഫ്) നിന്ന് അനുവദിച്ച 14 കോടി രൂപയ്ക്ക് നവീകരണം പൂർത്തിയാക്കിയ കുന്ദമംഗലം-അഗസ്ത്യൻമുഴി റോഡിലാണ് കുഴികൾ രൂപപ്പെട്ടത്. റോഡ് നിർമാണം പൂർത്തിയാക്കുന്നതിനുമുമ്പ്‌ റോഡ് പൊട്ടിപ്പൊളിഞ്ഞത് നേരത്തേ ഏറെ വിവാദമായിരുന്നു. കുഴികൾ ഇരുചക്ര വാഹനങ്ങൾക്ക് വലിയ അപകട ഭീഷണിയാണെന്ന് യാത്രക്കാർ പറയുന്നു. 1 മാസം മുമ്പ്‌ അറ്റകുറ്റപ്പണികൾ നടത്തി കുഴിയടച്ചെങ്കിലും ഇതേസ്ഥലത്ത് വീണ്ടും വലിയകുഴി രൂപപ്പെടുകയായിരുന്നു. കുന്ദമംഗലത്തിനും അഗസ്ത്യൻമുഴിക്കും ഇടയിൽ പലയിടത്തും ടാറിങ് വിണ്ടുകീറിയ നിലയിലാണ് ഉള്ളത്. ഇവിടെ പലയിടത്തും കരാറുകാർ ടാറൊഴിച്ച് വിള്ളൽ മൂടിവെച്ചിരിക്കുകയാണ്. ആവശ്യത്തിന് ഓവുചാൽ ഇല്ലാത്തതും നിർമാണത്തിലെ അശാസ്ത്രീയതയും കാരണം ചെറിയ മഴപെയ്യുമ്പോഴേക്ക് റോഡിൽ വെള്ളം കെട്ടിക്കിടുക്കുന്ന അവസ്ഥയുമുണ്ട്. മണാശ്ശേരിക്കു സമീപം ടാറിങ് പൊളിയാൻ കാരണം റോഡ് റോളറിന്റെ ഓയിൽ ചോർച്ചയാണെന്നും ഓയിൽ ആയതിനെത്തുടർന്ന് ടാറിങ് മിശ്രിതം ഉറയ്ക്കാതിരുന്നതാണ് റോഡ് പൊളിയാൻ കാരണമെന്നുമായിരുന്നു പി.ഡബ്ല്യു.ഡി അസി.എൻജിനിയറുടെ വിശദീകരണം. മഴകഴിഞ്ഞ് നവീകരണപ്രവൃത്തി പുനരാരംഭിക്കുമ്പോൾ പൊളിഞ്ഞ ഭാഗത്തെ ഒരുകിലോമീറ്ററോളം ദൂരത്തെ ടാറിങ് പൊളിച്ചുനീക്കി റീടാറിങ് നടത്തുമെന്നും അവർ പറഞ്ഞിരുന്നു. എന്നാൽ, ഇതുണ്ടായതുമില്ല.

കരാറുകാരുടെ അനാസ്ഥയ്ക്കെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ വിജിലൻസിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. വിജിലൻസ് അധികൃതർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് പോയതല്ലാതെ തുടർനടപടികളൊന്നും ഉണ്ടായില്ല. മലപ്പുറം മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ അസോസിയേറ്റ്സിനായിരുന്നു നിർമാണച്ചുമതല. എത്രയും പെട്ടെന്ന് റോഡിലെ കുഴികളടച്ച് അപകടസാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡിനെക്കുറിച്ചുള്ള പരാതി അറിയിക്കാൻ റോഡരികിൽ സ്ഥാപിച്ച ബോർഡിലെ നമ്പറിൽ പലതവണ വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്ന പദ്ധതി പ്രകാരം അഗസ്ത്യൻമുഴി പെട്രോൾപമ്പിന് സമീപത്താണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പു മന്ത്രി മുഹമ്മദ് റിയാസിനെ നേരിൽക്കണ്ട് പരാതിനൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

Related Articles

Leave a Reply

Back to top button